സുപ്രീംകോടതിയുടെയും സിബിഐയുടെയും പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; മൂന്ന് പേര് അറസ്റ്റില്‍
Saturday, April 19, 2025 3:07 PM IST
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെയും സിബിഐയുടെയും അടക്കം പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം ഡല്‍ഹി പോലീസിന്റെ പിടിയില്‍. രണ്ട് മഹാരാഷ്ട്ര സ്വദേശികളും തെലങ്കാന സ്വദേശിയുമാണ് പിടിയിലായത്.
ഇവരില്‍ ഒരാള്‍ എംബിഎ ബിരുദധാരിയാണ്. ഇവരില്‍നിന്ന് 48 ലക്ഷം രൂപ കണ്ടെടുത്തു. ഇവര്‍ക്ക് ചൈനീസ് തട്ടിപ്പ് സംഘവുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. മുംബൈ സ്വദേശിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് പോലീസ് ഇവരിലേക്ക് എത്തിയത്.
രാജ്യത്ത് പലയിടത്തും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ സംഘമാണ് പിടിയിലായത്. സിബിഐയുടെയും എന്‍ഐഎയുടെയും പേരില്‍ വ്യാജ വാറണ്ടുകള്‍ ഉണ്ടാക്കി ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാള്‍ പണം തട്ടി.