സംഘർഷം; ജെഎൻയുവിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തിവച്ചു
Friday, April 18, 2025 8:53 PM IST
ന്യൂഡൽഹി: ജെഎൻയു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് പ്രക്രിയകൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
സ്ഥാനാർഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവച്ചു. അധികൃതരുടെ ഭാഗത്ത് നിന്നും വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്ത് നിന്നും സംഘർഷം ഉണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയാൽ മാത്രം നടപടിക്രമങ്ങൾ പുനരാരംഭിക്കു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.
അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടിക്കെതിരെ എബിവിപി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് എബിവിപി പ്രതികരിച്ചു.