നരേന്ദ്ര മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിയുമെന്ന് സഞ്ജയ് റാവത്ത്
Monday, March 31, 2025 3:44 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിയാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്കുള്ള മോദിയുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വിടപറയാനാണ് മോദി പോയതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ കാലം അവസാനിച്ചു. ഇനി ആർഎസ്എസിനു പുതിയ നേതൃത്വം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും റാവത്ത് പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
അതേസമയം സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മോദി ഇനിയും വർഷങ്ങൾ രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2029ലും മോദി തന്നെ രാജ്യത്തെ പ്രധാനമന്ത്രിയാകുമെന്നും ഫഡ്നാവിസ് പറഞ്ഞു.