വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ
Monday, January 20, 2025 1:22 PM IST
തിരുവനന്തപുരം: കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ വനിത കൂടിയാണിവര്‍.
വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് രണ്ട് കേസുകളിലും വിധി പറഞ്ഞത്.
2024 മേയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബീവി കൊലപ്പെടുത്തിയത്. കേസിൽ കൂട്ടുപ്രതികളായ വള്ളിക്കുന്നത്തു വീട്ടില്‍ അല്‍ അമീന്, മൂന്നാം പ്രതി റഫീക്കയുടെ മകന് ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു.
കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതിയായ ഇയാളുടെ ഭാര്യ ബിനിത കുമാരിക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് മേല്‍ക്കോടതി ജീവപര്യന്തം ആക്കി കുറച്ചു.
തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് 39 പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഷാരോണ്‍ വധക്കേസിലെ വിധി വന്നതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ പ്രതിയായി.