കെഎസ്ആർടിസി ബസ് കത്തിയ സംഭവം; നാലുപേർക്ക് സസ്പെൻഷൻ
Thursday, November 28, 2024 4:45 PM IST
കൊച്ചി: കഴിഞ്ഞ 17ന് പമ്പ - നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെയും സൂപ്പർ വൈസർ, ഡിപ്പോ എൻജിനിയർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു
തീർഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന ബസ് അട്ടത്തോട്ടിൽ എത്തിയപ്പോഴാണ് തീപിടിച്ചത്. ബാറ്ററിയിൽ നിന്നുള്ള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ലെന്നും പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ പറയുന്നു. ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നും
കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.