അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
Thursday, November 21, 2024 1:36 PM IST
ന്യൂഡൽഹി: സൗരോർജ കരാറുമായി ബന്ധപ്പെട്ട് തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായി. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല.
വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ടെന്നും സെബി ചെയർപേഴ്സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രി മോദി അദാനിയെ സംരക്ഷിക്കുകയാണ്. മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. അദാനിയെ അറസ്റ്റ് ചെയ്യണം. ഈ അഴിമതിയിൽ ആർക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്.
250 മില്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്.
നിക്ഷേപകരിൽനിന്ന് 175 മില്യൺ ഡോളർ സമാഹരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.