അനുശോചനം ആവശ്യമില്ല; കളക്ടറുടെ കത്ത് തള്ളി നവീന്റെ കുടുംബം
Friday, October 18, 2024 6:08 PM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ ജില്ലാ കളക്ടർ അയച്ച കത്ത് കുടുംബം തള്ളി. കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.അഖിൽ പറഞ്ഞു.
കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചാണ് കത്തെന്നും കുടുംബം പറഞ്ഞു. ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ കത്ത് അയച്ചത്.
പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തിൽ കളക്ടർ അനുസ്മരിക്കുന്നു.
നവീന്‍ ബാബുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിച്ചു. ഇതേത്തുടര്‍ന്നാണ് പത്തനംതിട്ട സബ് കളക്ടർ വഴി കുടുംബത്തിന് കത്ത് കൈമാറിയത്. എന്നാൽ ഈ കത്തില്‍ ഔദ്യോഗികമായ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല.
നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ താന്‍ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വരണമെന്ന് കരുതിയെങ്കിലും സാധിച്ചില്ലെന്നും കത്തിൽ പറയുന്നു.