കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
Thursday, May 16, 2024 1:02 PM IST
കുമളി: തമിഴ്നാട് കമ്പത്ത് മൂന്നംഗ മലയാളി കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
കുമളി - കമ്പം പാതയിൽ പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹങ്ങൾ കിടുന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു.
വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പോലീസിൽ രണ്ടുദിവസം മുൻപ് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പോലീസിന്റെ നിഗമനം.
കാറിനുള്ളിൽ തമിഴ്നാട് പോലീസിന്റെ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിനു സമീപത്തുനിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.
ഫോറൻസിക് പരിശോധനക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.