തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
Tuesday, April 30, 2024 5:14 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിശദീകരണം തേടി സുപ്രീംകോടതി. തെരഞ്ഞെടുപ്പിന് മുന്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് കോടതി ഇഡിയോട് ചോദിച്ചു.
വിഷയത്തിൽ മേയ് മൂന്നിന് വിശദീകരണം നൽകണമെന്ന് ഇഡിക്ക് കോടതി നിർദേശം നൽകി. അറസ്റ്റിനെതിരെ കേജരിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
കേജരിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കുന്പോഴാണ് ചോദ്യവുമായി സുപ്രീംകോടതി രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കേജരിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ പറഞ്ഞിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കേജരിവാളിന്റെ വാദം.