ആക്രമണത്തിന് പിന്നിൽ വി.ഡി.സതീശനും സംഘവും: ഇ.പി.ജയരാജൻ
Monday, December 11, 2023 11:49 PM IST
കണ്ണൂർ: മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരേ ഒരു കൂട്ടം കെഎസ്യു, യൂത്ത് കോൺഗ്രസുകാർ നടത്തിയ ആക്രമണത്തിനു പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണ്.
പ്രതിഷേധത്തിന്റെ മറവിൽ അക്രമവും കലാപവുമഴിച്ചുവിട്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാർ നവകേരള സദസിലൂടെ ജനലക്ഷങ്ങൾക്കിടയിൽ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്.
കോൺഗ്രസിന്റയും മുസ്ലിംലീഗിന്റെയും പ്രമുഖ നേതാക്കൾ ഉൾപ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കളിൽ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല.
ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടതെന്നും ജയരാജൻ പറഞ്ഞു.