തുര്‍ക്കിയുടെ ചരക്കുവിമാനം തകര്‍ന്ന് 37 മരണം
തുര്‍ക്കിയുടെ ചരക്കുവിമാനം തകര്‍ന്ന് 37 മരണം
Monday, January 16, 2017 10:49 AM IST
ബിഷ്‌കെക്: ഹോങ്കോംഗില്‍നിന്നു ഈസ്റ്റാംബൂളിലേക്കു പോയ തുര്‍ക്കിയുടെ ചരക്കുവിമാനം കിര്‍ഗിസ്ഥാനിലെ ഡാച്ചാസു ഗ്രാമത്തില്‍ തകര്‍ന്നു വീണ് 37 പേര്‍ കൊല്ലപ്പെട്ടു, നിലത്തുണ്ടായിരുന്ന ഗ്രാമീണരാണു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാനത്തിലെ നാലു ജീവനക്കാര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലെ പ്രധാന വിമാനത്താവളമായ മനാസിനു സമീപമാണ് വിമാനം തകര്‍ന്നു വീണ ഡാച്ചാസു ഗ്രാമം. പ്രാദേശിക സമയം രാവിലെ ഏഴരയ്ക്കാണ് അപകടം. പ്രദേശംമുഴുവന്‍ കനത്ത മൂടല്‍ മഞ്ഞു വ്യാപിച്ചിരുന്നു.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്ന് കിര്‍ഗിസ്ഥാന്‍ എമര്‍ജന്‍സി സര്‍വീസ് വക്താവ് മുഹമ്മദ് സാരോവ് എഎഫ്പിയോടു പറഞ്ഞു. വിമാനം വീണതിനെത്തുടര്‍ന്നു വന്‍തീപിടിത്തമുണ്ടായി. ഗ്രാമത്തിലെ വീടുകളില്‍ പകുതിയെണ്ണമെങ്കിലും കത്തിനശിച്ചു. 43 വീടുകള്‍ക്കു കനത്തനാശം നേരിട്ടെന്നും ചില വീടുകളിലെ മുഴുവന്‍ പേരും കൊല്ലപ്പെട്ടെന്നും അധികൃതര്‍ പറഞ്ഞു. അപകടസമയത്ത് പലരും വീടുകളില്‍ ഉറക്കത്തിലായിരുന്നു.


വിമാനത്തിന്റെ ചില ഭാഗങ്ങള്‍ തന്റെ അയല്‍വീടിനു മുകളിലാണു വീണതെന്നും അവിടെയുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നും താജികാന്‍ എന്ന വനിത പറഞ്ഞു. ആയിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ അപകടമേഖലയിലെത്തിയിട്ടുണ്ട്.

വിമാനത്തിന്റെ രണ്ടു ബ്ലാക്‌ബോക്‌സുകളില്‍ ഒരെണ്ണം കിട്ടി. ഇതു വിശകലനം ചെയ്യാന്‍ ഇനിയും ഏറെ സമയമെടുക്കും. ചൈനയ്ക്കു പോയ കിര്‍ഗിസ് പ്രസിഡന്റ് അല്‍മസ്ബക് അടംബയേവ് പര്യടനം റദ്ദാക്കി തലസ്ഥാനത്തേക്കു മടങ്ങിയെന്ന് കിര്‍ഗിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.