മുംബൈയിൽ ജനിച്ച ടെല്ലിസ് ഇന്ത്യയിലെ യുഎസ് സ്‌ഥാനപതിയായേക്കും
മുംബൈയിൽ ജനിച്ച ടെല്ലിസ് ഇന്ത്യയിലെ യുഎസ് സ്‌ഥാനപതിയായേക്കും
Tuesday, January 10, 2017 1:53 PM IST
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്‌ഥൻ ആഷ്ലി ടെല്ലിസ് ഇന്ത്യയിലെ യുഎസ് അംബാസഡറാകാൻ സാധ്യതയുള്ളതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ ഏഷ്യയുമായുള്ള ബന്ധത്തിനു ഉയർന്ന പ്രാധാന്യം നൽകുന്ന നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രാവീണ്യമുള്ള ആഷ്ലി ടെല്ലിസിനെയാണ് നിലവിലുള്ള അംബാസഡർ റിച്ചാർഡ് വർമയുടെ പകരക്കാരനായി കാണുന്നതെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 20ന് റിച്ചാർഡ് വർമയുടെ കാലാവധി അവസാനിക്കും.

അന്തർദേശീയ സമാധാനത്തിനായി പ്രവർത്തിക്കുന്ന കാർനിഗി എൻഡോവ്മെന്റിലെ ഉദ്യോഗസ്‌ഥനാണ് നിലവിൽ ആഷ്ലി ടെല്ലിസ്.ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് ഏറെ അവബോധമുള്ളയാളാണ് മുംബൈയിൽ ജനിച്ച ആഷ്ലി ടെല്ലിസ്. യുഎസ് വിദേശകാര്യവകുപ്പിൽ മുഖ്യഉപദേശകനായി പ്രവർത്തിച്ചിരുന്ന കാലത്ത് ഇന്ത്യ–യുഎസ് ആണവകരാർ ധാരണയിലെത്തിക്കുന്നതിന് മുഖ്യപങ്കുവഹിച്ചു.


ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ ഉപദേഷ്ടാവായും ടെല്ലിസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ കൗൺസിലിൽ പ്രസിഡന്റിന്റെ സ്പെഷൽ അസിസ്റ്റന്റ് ആയും തെക്കു പടിഞ്ഞാറൻ ഏഷ്യയുടെ ഡയറക്ടറായും പ്രവർത്തിച്ചു. റാൻഡ് ഗ്രാജുവേറ്റ് സ്കൂളിലെ അധ്യാപകനും എഴുത്തുകാരനും കൂടിയാണ് അമ്പത്തിയഞ്ചുകാരനായ ടെല്ലിസ്. ഇന്ത്യയിലെ നിലവിലുള്ള അമേ രിക്കൻ സ്‌ഥാനപതി റിച്ചാർഡ് വർമയും ഇന്ത്യൻ വംശജനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.