ചാരപ്രവർത്തനം; സൗദിയിൽ 15 പേർക്കു വധശിക്ഷ
ചാരപ്രവർത്തനം; സൗദിയിൽ 15 പേർക്കു വധശിക്ഷ
Tuesday, December 6, 2016 2:15 PM IST
റിയാദ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ 15 പേർക്കു സൗദിയിൽ വധശിക്ഷ. ഷിയ സമുദായത്തിൽപ്പെട്ടവരാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ ഏറെപ്പേരും. ഇവരുടെ വിചാരണ ഫെബ്രുവരിയിൽ നടക്കും.

വിവാദ ഷിയ പുരോഹിതൻ നിമർ അൽ നിമറിനെ വധിച്ചതിലുള്ള പ്രതിഷേധ സൂചകമായി ഇറാനിലെ സൗദി എംബസിയും കോൺസുലേറ്റും ഇറാനിൽ ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ വിടവിന്റെ വ്യാപ്തി വർധിപ്പിക്കുന്നതാണു പുതിയ സംഭവ വികാസങ്ങൾ.

പ്രതിരോധ രഹസ്യങ്ങൾ ചോർത്തി, വിധ്വംസക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു, സർക്കാർ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു, രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യങ്ങൾ കോഡ് ഭാഷയിൽ അയച്ചു, ഷിയ സ്വാധീന മേഖലയിൽ അട്ടിമറിക്കു ശ്രമിച്ചു തുടങ്ങിയവയാണു പിടിയിലായവരുടെ മേൽ സൗദി ആരോപിക്കുന്ന കുറ്റങ്ങൾ. ഇറാൻ ഭരണാധികാരി അയത്തുള്ള അലി ഖമേനിയെ സന്ദർശിച്ചു എന്ന കുറ്റവും ചിലരുടെ മേൽ ചുമത്തിയതായാണു റിപ്പോർട്ടുകൾ.


രാജ്യതാത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനു 32 പേരടങ്ങുന്ന സംഘമാണു സൗദിയിൽ പിടിയിലായത്. ഇതിൽ 15പേർക്കാണ് വധശിക്ഷ. ശിക്ഷയ്ക്കെതിരെ ഇവർക്ക് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്. ബാക്കിയുള്ളവർക്കു 6 മാസം മുതൽ 25 വർഷം വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഇറാൻ, അഫ്ഗാൻ സ്വദേശികളും ഉൾപ്പെടുന്നതായാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.