കിഴക്കൻ ആലപ്പോയിൽ കൂട്ടപ്പലായനം
കിഴക്കൻ ആലപ്പോയിൽ കൂട്ടപ്പലായനം
Wednesday, November 30, 2016 1:55 PM IST
ആലപ്പോ: സിറിയൻ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ആലപ്പോയുടെ മൂന്നിൽ ഒരുഭാഗം സിറിയൻസൈന്യം പിടിച്ചതിനെത്തുടർന്ന് അവിടെനിന്നുള്ള അഭയാർഥി പ്രവാഹം ശക്‌തമായി. രണ്ടാഴ്ചയ്ക്കകം അരലക്ഷം പേർ കിഴക്കൻ ആലപ്പോയിൽനിന്നു സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ ആലപ്പോയിലേക്കു പലായനം ചെയ്തെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.

ഇവരിൽ ഇരുപതിനായിരം പേർ സർക്കാർ നിയന്ത്രിത മേഖലയിലേക്കും മുപ്പതിനായിരത്തോളം പേർ കുർദിഷ് നിയന്ത്രിത ഡിസ്ട്രിക്ടുകളിലേക്കുമാണു പോയിട്ടുള്ളത്.

യുഎസിൽ പ്രസിഡന്റായി ട്രംപ് ചുമതലയേൽക്കുന്നതിനുമുമ്പ് കിഴക്കൻ ആലപ്പോയുടെ പൂർണ നിയന്ത്രണം കൈയടക്കാനാണ് അസാദിന്റെ സൈന്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷാവസാനത്തോടെ ആലപ്പോയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശമന്ത്രി മിഖായിൽ ബൊഗ്ദാനോവ് പറഞ്ഞു. ഇന്നലെ സൈന്യത്തിന്റെ പീരങ്കി ആക്രമണത്തിൽ കിഴക്കൻ ആലപ്പോയിൽ 21 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഒബ്സർവേറ്ററി പറഞ്ഞു. നിരവധി പേർക്കു പരിക്കേറ്റു.


വിമതരും അൽക്വയ്ദ ബന്ധമുള്ള ഭീകരരും കിഴക്കൻ ആലപ്പോയിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ ഭീകരരെ ഒഴിപ്പിച്ചശേഷം കിഴക്കൻ ആലപ്പോയുടെ നിയന്ത്രണം പ്രാദേശിക ഭരണകൂടത്തിനു കൈമാറണമെന്ന യുഎൻ നിർദേശം ഡമാസ്കസ് ഭരണകൂടം തള്ളി. സിറിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിർദേശമെന്ന് അസാദ് ഭരണകൂടം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.