രാജിക്കു തയാറെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക്
രാജിക്കു തയാറെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക്
Tuesday, November 29, 2016 1:56 PM IST
സിയൂൾ: അഴിമതി ആരോപണവിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈ രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. അധികാര കൈമാറ്റം സംബന്ധിച്ച നടപടി ക്രമങ്ങൾക്ക് നാഷണൽ അസംബ്ളി അംഗീകാരം നൽകിയാലുടൻ സ്‌ഥാനമൊഴിയാമെന്നാണ് പാർക്കിന്റെ വാഗ്ദാനം. എന്നാൽ ഇംപീച്ചുമെന്റ് ഒഴിവാക്കാനാണു പാർക്കിന്റെ നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യ പ്രതിപക്ഷ കക്ഷിയായ മിൻജൂ പാർട്ടി ആരോപിച്ചു.

ചോയി സൂൺസിൽ എന്ന വനിതാ സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ സ്വാതന്ത്ര്യം അനുവദിച്ചതാണു പാർക്കിനു വിനയായത്. ചോയി വൻകിട കമ്പനികളെ സ്വാധീനിച്ച് വൻതുക സ്വന്തം കമ്പനികളിലേക്ക് ഒഴുക്കി. ഇതിനു പാർക്കു കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. പാർക്കിനെ ചോദ്യം ചെയ്യുമെന്നു നേരത്തെ പ്രോസിക്യൂട്ടർമാർ പ്രസ്താവിച്ചിരുന്നു.

കൊറിയയിലെ റാസ്പുട്ടിൻ എന്നാണ് ചോയിയെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സാംസംഗ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളിൽനിന്ന് ആറു കോടി ഡോളർ ചോയി തട്ടിയെടുത്തെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ഇതിനു കൂട്ടുനിന്ന പാർക് ക്രിമിനൽകുറ്റമാണു ചെയ്തത്.


എന്നാൽ പ്രസിഡന്റ് പദവിക്കു നിയമപരിരക്ഷയുള്ളതിനാൽ പാർക്കിനെതിരേ കുറ്റം ചുമത്താനാവില്ല. സ്‌ഥാനമൊഴിഞ്ഞാൽ കേസ് എടുക്കാം. ഒരു മാസമായി എല്ലാ വാരാന്തങ്ങളിലും പാർക്കിന്റെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് സിയൂളിൽ പടുകൂറ്റൻ റാലികൾ നടത്തിവരികയാണ.്

മൂന്നു പ്രതിപക്ഷകക്ഷികളും പാർക്കിന്റെ പാർട്ടിയിലെ ഏതാനുംപേരും ഇംപീച്ചുമെന്റിനെ അനുകൂലിക്കുകയാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഈയാഴ്ച തന്നെ പ്രമേയം പാസാക്കാനാണു നീക്കം.

പ്രമേയം പാസായാൽ പാർക്കിനെ സസ്പെൻഡ് ചെയ്യും. പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേൽക്കും. ഇംപീച്ചുമെന്റ് പ്രാബല്യത്തിൽ വരണമെങ്കിൽ ഭരണഘടനാ കോടതിയുടെ അംഗീകാരംകൂടി കിട്ടണം. ഇതിന് ആറുമാസം വരെ സമയം എടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.