സൈന്യത്തെ തടയാൻ 550 കുടുംബങ്ങളെ മനുഷ്യമറയാക്കി ഐഎസ്
സൈന്യത്തെ തടയാൻ 550 കുടുംബങ്ങളെ മനുഷ്യമറയാക്കി ഐഎസ്
Friday, October 21, 2016 12:31 PM IST
മൊസൂൾ: മൊസൂളിനു സമീപപ്രദേശങ്ങളിലുള്ള 550 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി ഐഎസ് മനുഷ്യമറ ഒരുക്കിയതായി യുഎൻ മനുഷ്യാവകാശ സംഘടന. ഇറാക്കി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനു സാധാരണക്കാരെ മനുഷ്യപ്പരിചയായി ഉപയോഗിക്കുന്നത് വൻ ആൾനാശത്തിനിടയാക്കുമെന്നു യുഎൻ മനുഷ്യാവകാശ കമ്മീഷണർ സയീദ് റ ആദ് അൽ ഹുസൈൻ ആശങ്ക പ്രകടിപ്പിച്ചു.

യുഎസ് പിന്തുണയോടെ ഇറാക്കി സൈന്യവും കുർദുകളും ഐഎസ് കേന്ദ്രങ്ങളിൽ ശക്‌തമായ കടന്നുകയറ്റമാണ് നടത്തുന്നത്. ഐഎസിനു സ്വാധീനമുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനു വിലങ്ങുതടിയാകുകയാണ് ഈ മനുഷ്യമറ.

സമാലിയയിൽനിന്ന് 200 കുടുംബങ്ങളെയും നജാഫിയ ഗ്രാമത്തിൽനിന്ന് 350 കുടുംബങ്ങളെയും മൊസൂളിൽ ഐഎസ് എത്തിച്ചെന്നു പ്രാദേശിക ഉദ്യോഗസ്‌ഥർ പറഞ്ഞു.ഇതിനിടെ മൊസൂൾ പ്രാന്തത്തിലുള്ള ക്രിസ്ത്യൻ പട്ടണമായ ബാർട്ടെല്ല പിടിച്ച ഇറാക്കിസൈന്യം അവിടത്തെ പള്ളിയിൽ ഇറാക്കിന്റെ പതാക ഉയർത്തി. ബാർട്ടെല്ലയിലെ ക്രിസ്ത്യൻ പള്ളിയിൽ ഐഎസ് ഏറെ നാശനഷ്‌ടം വരുത്തിയിരുന്നു. പള്ളിയുടെ തറയിൽ ചപ്പുചവറുകളും മറ്റും വിതറിയിരിക്കുന്നതായി കാണപ്പെട്ടു. ബാർട്ടെല്ലയിലെ ക്രിസ്ത്യൻ വീടുകൾ ഐഎസ് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നതായും കാണപ്പെട്ടു. ഐഎസ് നിയന്ത്രിത മേഖലയിൽ ക്രൈസ്തവരിൽനിന്നു പ്രത്യേക നികുതി ഈടാക്കിയിരുന്നു.


പള്ളി ശുചിയാക്കിയ ഇറാക്കിസൈനികർ ദേവാലയത്തിലെ മണി മുഴക്കുകയും ക്രൈസ്തവരെ അഭിനന്ദിക്കുകയും ചെയ്തെന്ന് ലഫ്റ്റന്റ് ജനറൽ താലിബ് ഷഗാസ്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.