കാഷ്മീരിനെ സ്വപ്നം കാണണ്ടെന്നു യുഎൻ പൊതുസഭയിൽ സുഷമാ സ്വരാജ്
കാഷ്മീരിനെ സ്വപ്നം കാണണ്ടെന്നു യുഎൻ പൊതുസഭയിൽ സുഷമാ സ്വരാജ്
Monday, September 26, 2016 11:00 AM IST
ന്യൂയോർക്ക്: കാഷ്മീരിനെപ്പറ്റി പാക്കിസ്‌ഥാൻ സ്വപ്നം കാണണ്ടെന്നു യുഎൻ പൊതുസഭയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യുഎന്നിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നടത്തിയ ഇന്ത്യാവിരുദ്ധ പ്രസംഗത്തിന് അതേ നാണയത്തിൽ മറുപടി പറയുകയായിരുന്നു സുഷമ സ്വരാജ്.

ഭീകരതയുടെ ഭാഷ സംസാരിക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തണമെന്ന് 20 മിനിറ്റ് നീണ്ട ഹിന്ദിപ്രസംഗത്തിൽ സുഷമ പറഞ്ഞു. ചിലർ ഭീകരത ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങളിൽ ഭീകരർ യഥേഷ്‌ടം വിഹരിക്കുന്നു. ഭീകരർക്ക് ഒളിയിടങ്ങൾ ഒരുക്കുന്നു. ഇത്തരം രാജ്യങ്ങൾക്കു ലോകസമൂഹത്തിൽ സ്‌ഥാനമുണ്ടാകരുത്. മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആരോപണമുയർത്തുന്നവർ സ്വന്തം രാജ്യത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആത്മവിചിന്തനം നടത്തണം. ബലൂചിസ്‌ഥാനിലെ ജനങ്ങൾ ഭരണകൂടം നടത്തുന്ന കിരാതമായ അടിച്ചമർത്തൽ നേരിടുകയാണ്:

കാഷ്മീർ കൈവശമാക്കാമെന്ന സ്വപ്നം പാക്കിസ്‌ഥാൻ ഉപേക്ഷിക്കുകയാണു നല്ലത്. കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എക്കാലവും അങ്ങനെതന്നെ തുടരുകയും ചെയ്യും. ഭീകരാക്രമണങ്ങൾ നടത്തി കാഷ്മീർ പിടിച്ചെടുക്കാമെന്ന പാക്കിസ്‌ഥാന്റെ മോഹം ഒരിക്കലും സഫലമാകാൻ പോകുന്നില്ല.


ചർച്ചകൾക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നുവെന്നാണു പാക്കിസ്‌ഥാന്റെ ആരോപണം. ഉപാധികളില്ലാതെ സൗഹൃദത്തിന്റെ പേരിൽ ചർച്ചയ്ക്കു മുൻകൈയെടുത്ത ഇന്ത്യക്കു ലഭിച്ചത് ഉറിയിലും പത്താൻകോട്ടും ഭീകരരുടെ ആക്രമണമായിരുന്നു. എന്താണ് ഉപാധികൾ? മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞയ്ക്കു ഷരീഫിനെ ക്ഷണിച്ചത് എന്തെങ്കിലും മുൻകൂർ വ്യവസ്‌ഥയുടെ പേരിലായിരുന്നോ? ഹാർട്ട് ഓഫ് എഷ്യ കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ പോയപ്പോൾ സമഗ്ര ഉഭയകക്ഷി ചർച്ച നടത്തിയത് ഉപാധികളുടെ പേരിലായിരുന്നോ? ഡിസംബറിൽ കാബൂളിൽനിന്നു പ്രധാനമന്ത്രി മോദി ലാഹോറിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയത് ഉപാധികളുടെ പേരിലായിരുന്നോ? സുഷമ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.