പാക്കിസ്‌ഥാനെതിരേ അമേരിക്ക
പാക്കിസ്‌ഥാനെതിരേ അമേരിക്ക
Tuesday, September 20, 2016 11:58 AM IST
ന്യൂയോർക്ക്: ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക് നടപടിയെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. പാക്കിസ്‌ഥാൻ ആസ്‌ഥാനമായി പ്രവത്തിക്കുന്ന ഭീകരസംഘങ്ങളെ അമർച്ച ചെയ്യണമെന്ന് ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ആവശ്യപ്പെട്ടു. യുഎൻ ജനറൽ അസംബ്ലിക്കിടെ തിങ്കളാഴ്ച കെറിയും ഷരീഫും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കാൻ അമേരിക്ക മുൻകൈയെടുക്കണമെന്നു കാഷ്മീർ സംഘർഷമുന്നയിച്ച് ഷരീഫ് ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഫലപ്രദമായി നേരിടാൻ പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്നു കൂടുതൽ നടപടികൾ ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്‌താവ് മാർക്ക് ടോണർ പറഞ്ഞു.

പാക്കിസ്‌ഥാനൊപ്പമുള്ള ഭീകരവിരുദ്ധ പ്രവർത്തനത്തിൽ പുരോഗതിയുണ്ടെന്നും രാജ്യത്തിനു അകത്തും പുറത്തുമുള്ള ഭീകരവിരുദ്ധപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും കെറി ഷരീഫിനോടു പറഞ്ഞു. കാഷ്മീരിലെ സംഘർഷത്തെക്കുറിച്ചും ഇന്ത്യയുടെ സൈനികതാവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.


ഇന്ത്യ–പാക് ഉഭയകക്ഷി പ്രശ്നം പരിഹരിക്കാൻ അമേരിക്ക മുൻകൈയെടുക്കണമെന്നും ഷരീഫ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയിലും പാക് പ്രധാനമന്ത്രി കാഷ്മീർ വിഷയമുന്നയിച്ചു.

കാഷ്മീർ ജനതയ്ക്കു നേരേ പട്ടാളത്തെ ഉപയോഗിക്കുന്ന ഇന്ത്യയുടെ നയം തടയാൻ നടപടിസ്വീകരിക്കണമെന്നും ഷരീഫ് അഭ്യർഥിച്ചു. കാഷ്മീർ ജനതയുടെ പ്രക്ഷോഭത്തെ സഹായിക്കുമെന്നു കൂടിക്കാഴ്ചയിൽ ഷരീഫ് വ്യക്‌തമാക്കിയതായി പാക് വൃത്തങ്ങൾ അറിയിച്ചു. കാഷ്മീരിൽ മനുഷ്യാവകാശ ധ്വസനം ഭീകരമാംവിധം വർധിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.