ലോക യുവജന സമ്മേളനം ഇന്നു സമാപിക്കും
ലോക യുവജന സമ്മേളനം  ഇന്നു സമാപിക്കും
Saturday, July 30, 2016 11:01 AM IST
<ആ>ക്രാക്കോവിൽനിന്ന് മനോജ് എം. കണ്ടത്തിൽ

ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി മുപ്പതു ലക്ഷത്തിലധികം യുവജനങ്ങൾ ഒത്തുചേർന്ന കത്തോലിക്കാ സഭയുടെ ലോക യുവജന സംഗമത്തിന് ഇന്നു തിരശീലവീഴും.

ഫ്രാൻസിസ് മാർപാപ്പയുടെ സജീവസാന്നിധ്യത്താൽ ആവേശഭരിതമായ സമ്മേളനം കഴിഞ്ഞ 26നാണ് ആരംഭിച്ചത്. ഇന്നലെ നടന്ന യുവജന നടത്തവും മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ജാഗരണപ്രാർഥനയും യുവജനങ്ങളെ ഭക്‌തിനിർവൃതിയിലാക്കി.

കഴിഞ്ഞ ദിവസംവരെ മഴ പെയ്തിരുന്ന ക്രാക്കോവിൽ ഇന്നലെ തെളിഞ്ഞ കാലാവസ്‌ഥയായിരുന്നു. നൈറ്റ് വിജിൽ നടക്കുന്ന കരുണയുടെ മൈതാനമായ കാമ്പസ് മിസൃരികോർഡിയയിലേക്കായിരുന്നു യൂത്ത് വാക്ക്.ക്രാക്കോ നഗരത്തിൽ നിന്നു 15 കിലോമീറ്റർ നടന്നാണ് യുവജനങ്ങൾ കാമ്പസ് മിസിരികോഡിയയിൽ എത്തിയത്. 40 വഴികളിലൂടെയായിരുന്നു 35 ലക്ഷത്തിലധികം പേർ നടന്നത്. ജപമാലയും പ്രാർഥനകളും ചൊല്ലിയും ഭക്‌തിഗാനങ്ങൾ ആലപിച്ചും യുവജനങ്ങൾ ആവേശഭരിതരായാണു നടത്തം പൂർത്തിയാക്കിയത്. തുടർന്ന് എല്ലാവരും അനുവദിക്കപ്പെട്ടിരിക്കുന്ന സെക്ടറുകളിൽ പ്രവേശിച്ചു ജാഗരണപ്രാർഥനയിൽ പങ്കെടുത്തു.

യുവജനസംഗമത്തിലെ ഏറ്റവും പ്രധാന ഇനമായ നൈറ്റ് വിജിൽ ഭക്‌തിസാന്ദ്രമായിരുന്നു. മാർപാപ്പയുടെ നേതൃത്വത്തിൽ പ്രാദേശിക സമയം രാത്രി ഏഴു മുതൽ ഒമ്പതു വരെയായിരുന്നു രാത്രി ആരാധന. തുടർന്ന് സ്പെയിനിൽനിന്നുള്ള സംഘം അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. മൂന്നു മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികളെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കാളികളായ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമും നടന്നു. കലാപരിപാടികൾ പുലരുവോളം നീണ്ടു. കാമ്പസ് മിസിരികോഡിയയിലെത്തിയവരെല്ലാം ഇവിടെത്തന്നെയാണ് രാത്രി കഴിച്ചുകൂട്ടുന്നത്.


മാർപാപ്പ ഇന്നലെ ക്രാക്കോവിലെ ഡിവൈൻ മേഴ്സി തീർഥകേന്ദ്രത്തിലെ ‘കരുണയുടെ കവാടത്തിലൂടെ, വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാർഥിച്ചിരുന്നു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 12 യുവജനങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

യുവജനങ്ങൾക്കൊപ്പം മാർപാപ്പ സെൽഫിയെടുക്കുകയും ചെയ്തു. രാത്രി ഏഴോടെയാണു മാർപാപ്പ ആരാധനയ്ക്കായി എത്തിച്ചേർന്നത്.

ഇന്നു രാവിലെ ഒമ്പതിനു മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ യുവജന സംഗമത്തിനു സമാപനമാകും. 40 കർദിനാൾമാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും ലക്ഷക്കണക്കിനു യുവജനങ്ങളും പങ്കെടുക്കുന്ന ദിവ്യബലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഈ ദിവ്യബലി മധ്യേയായിരിക്കും അടുത്ത യുവജനസംഗമത്തിന്റെ വേദി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിക്കുക.

ദിവ്യബലിക്കു ശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളന്റിയർമാർ എന്നിവരെ സന്ദർശിച്ച ശേഷമാണ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.