ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി ഹില്ലരിയെ പ്രഖ്യാപിച്ചു
ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി ഹില്ലരിയെ പ്രഖ്യാപിച്ചു
Wednesday, July 27, 2016 12:13 PM IST
ഫിലഡൽഫിയ: വൈറ്റ്ഹൗസിലേക്കു മത്സരിക്കാൻ പ്രമുഖ പാർട്ടിയുടെ നോമിനേഷൻ ലഭിക്കുന്ന ആദ്യവനിതയെന്ന ബഹുമതി നേടി ഹില്ലരി ക്ലിന്റൺ ചരിത്രം കുറിച്ചു. ഫിലഡൽഫിയയിൽ ആരംഭിച്ച ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനാണ് ഹില്ലരിയെ സ്‌ഥാനാർഥിയായി ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2008ലും ഹില്ലരി സ്‌ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും ബറാക് ഒബാമയ്ക്കാണു ടിക്കറ്റ് കിട്ടിയത്. 1920ൽ മാത്രമാണ് വനിതകൾക്ക് യുഎസിൽ വോട്ടവകാശം ലഭിക്കുന്നത്.അതിനുശേഷം യുഎസ് രാഷ്ര്‌ടീയത്തിലെ ഏറ്റവും പ്രധാന സംഭവമാണ് ഹില്ലരിയുടെ നോമിനേഷൻ. നവംബർ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപുമായി ഹില്ലരി ഏറ്റുമുട്ടും. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യയായ ഹില്ലരി ന്യൂയോർക്ക് സെനറ്ററും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമാണ്.

വലിയ സ്വപ്നങ്ങൾ കാണുന്ന എല്ലാ വനിതകൾക്കുമുള്ളതാണ് ഈ നിമിഷം. നാം ചരിത്രം സൃഷ്‌ടിച്ചു– നോമിനേഷൻ വിവരം അറിഞ്ഞശേഷം ന്യൂയോർക്കിൽനിന്നു ഹില്ലരി ട്വീറ്റ് ചെയ്തു.

പ്രൈമറികളിൽ മുഖ്യ എതിരാളിയായിരുന്ന ബേണി സാൻഡേഴ്സാണ് ഹില്ലരിയെ ഏകകണ്ഠമായി നോമിനേറ്റു ചെയ്യണമെന്നു കൺവൻഷനിൽ ആവശ്യപ്പെട്ടത്. 4764 ഡെലിഗേറ്റുകളിൽ 2382ൽ അധികം പേരുടെ പിന്തുണ ഹില്ലരിക്കുണ്ട്.ബേണി സാൻഡേഴ്സിനെ ഒതുക്കാൻ പാർട്ടിയുടെ ഉന്നതതല ത്തിൽ ഗൂഢാലോചന നടന്നുവെ ന്നു തെളിയിക്കുന്ന ഇമെയിലുകൾ വിക്കിലീക്സ് പുറത്തുവിട്ട സാഹചര്യത്തിൽ ബേണി തന്നെ ഹില്ലരിക്കു പിന്തുണയുമായി എത്തിയത് പാർട്ടിയിൽ ഐക്യമുണ്ടെന്ന പ്രതീതി പരത്താൻ സഹായിച്ചു. റഷ്യയാണ് ഇമെയിൽ ചോർത്തിയതെന്ന് പരക്കെ ആരോപണമുണ്ട്. എഫ്ബിഐ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.


ഫിലഡൽഫിയ കൺവൻഷനിൽ സാൻഡേഴ്സിന്റെ അനുയായികളിൽ ചിലർ ബഹളമുണ്ടാക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു. ഹില്ലരിയെ അനുകൂലിച്ച് സാൻഡേഴ്സിനു പുറമേ മിഷേൽ ഒബാമയും പ്രസംഗിച്ചു. ഹില്ലരിക്കുവേണ്ടി ഭർത്താവ് ബിൽ ക്ലിന്റൺ കൺവൻഷനിൽ നടത്തിയ പ്രസംഗം വികാരനിർഭരമായിരുന്നു. നിലവിലുള്ള സ്‌ഥിതി തുടരാൻ ശ്രമിക്കുന്നയാളാണു ഹില്ലരിയെന്ന വാദം പൊളിക്കാൻ ക്ലിന്റൺ ശ്രമിച്ചു. മാറ്റത്തിനുവേണ്ടിയും സാമൂഹിക നീതിക്കുവേണ്ടിയും നിലകൊള്ളുന്ന ഹില്ലരിക്കു വോട്ടു ചെയ്യണമെന്ന് അദ്ദേഹം അഭ്യർ ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.