ഈസ്റ്റാംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 41 മരണം, 240 പേർക്കു പരിക്ക്
ഈസ്റ്റാംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 41 മരണം, 240 പേർക്കു പരിക്ക്
Wednesday, June 29, 2016 11:54 AM IST
ഈസ്റ്റാംബൂൾ: തുർക്കിയിൽ ഈസ്റ്റാംബൂളിലെ അത്താതുർക്ക് അന്തർദേശീയ വിമാനത്താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കുറഞ്ഞത് 41 പേർ കൊല്ലപ്പെടുകയും 240 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു തുർക്കി അധികൃതർ പറഞ്ഞു. ടാക്സിക്കാറിലെത്തിയ മൂന്നു ഭീകരർ വിമാനത്താവളത്തിലെ പുറപ്പെടൽ ഹാളിലുള്ള യാത്രികർക്കു നേരെ തലങ്ങും വിലങ്ങും വെടിയുതിർത്തു. പിന്നീട് ഒരു ഭീകരൻ സെക്യൂരിറ്റി ചെക്കുപോയിന്റിലും മറ്റൊരാൾ ടെർമിനൽ മന്ദിരത്തിനു വെളിയിലും സ്ഫോടനം നടത്തി. മൂന്നാമൻ പാർക്കിംഗ് മേഖലയിൽ സ്ഫോടനം നടത്തി.

മരണസംഖ്യ 41 ആയെന്നും പരിക്കേറ്റ 240 പേരിൽ 109 പേരെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും ഈസ്റ്റാംബൂൾ ഗവർണറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. സൗദി, ടുണീഷ്യ, ചൈന, യുക്രെയ്ൻ, ഇറാൻ, ഇറാക്ക്, ജോർദാൻ സ്വദേശികളായ 13 പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. തുർക്കി സർക്കാർ ഇന്നലെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക പകുതിതാഴ്ത്തിക്കെട്ടി. ഭീകരത തുടച്ചുനീക്കാൻ അന്തർദേശീയ സമൂഹം യോജിച്ചു പോരാടണമെന്നു തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ പറഞ്ഞു.


ഈസ്റ്റാംബൂൾ ഭീകരാക്രമണത്തെ ലോക നേതാക്കൾ അപലപിച്ചു. ദുരന്തത്തിനിരയായവർക്കു വേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിൽ ഇന്നലെ ത്രികാലജപ പ്രാർഥനാവേളയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.