പുറത്തുപോകാൻ ഒട്ടും വൈകേണ്ടെന്നു ബ്രിട്ടനോട് ഇയു
Friday, June 24, 2016 12:37 PM IST
ബ്രസൽസ്: ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയ സാഹചര്യത്തിൽ കഴിയുംവേഗം യൂറോപ്യൻ യൂണിയൻ(ഇയു) വിട്ടുപോകാൻ ബ്രിട്ടനോട് ഇയു നേതാക്കളുടെ ആഹ്വാനം.

വേദനാജനകമാണെങ്കിലും ബ്രിട്ടീഷ് ജനതയുടെ തീരുമാനം എത്രയുംവേഗം നടപ്പാക്കണമെന്ന് ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം അറിഞ്ഞശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ നേതാക്കൾ നിർദേശിച്ചു. ഇക്കാര്യത്തിലുണ്ടാവുന്ന കാലതാമസം അനിശ്ചിതത്വത്തിന് ആക്കം കൂട്ടുകയേ ഉള്ളു. ഇയു പ്രസിഡന്റ് ഡൊണാൾഡ് ടസ്ക്, യൂറോപ്യൻ കമ്മീഷൻ മേധാവി ഷാൻ ക്ലോദ് ജുൻകർ, ഇയു പാർലമെന്റ് നേതാവ് മാർട്ടിൻ ഷുൾട്സ്,ഡച്ച് പ്രധാനമന്ത്രി മാർക് റുട് എന്നിവരാണു പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.


ലിസ്ബൺ ഉടമ്പടിയിലെ 50–ാംവകുപ്പ് പ്രകാരമാണ് യൂണിയനിൽ നിന്നു വേർപെട്ടു പോകുന്നതിനുള്ള നടപടിക്ക് ബ്രിട്ടൻ തുടക്കം കുറിക്കേണ്ടത്. ഈ ചുമതല ഒക്ടോബറിൽ സ്‌ഥാനമേൽക്കുന്ന തന്റെ പിൻഗാമിക്കായിരിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജി പ്രഖ്യാപനത്തിൽ വ്യക്‌തമാക്കി.

എന്നാൽ അതുവരെ കാത്തിരിക്കേണ്ടെന്നും ചർച്ച ഉടൻ ആരംഭിക്കണമെന്നുമാണു ഇയു നേതാക്കളുടെ നിലപാട്. വിട്ടുപോകുന്ന പ്രക്രിയ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നും അതുവരെ അംഗങ്ങൾക്കുള്ള എല്ലാ ബാധ്യതകളും ചുമതലകളും ബ്രിട്ടന് ഉണ്ടായിരിക്കുമെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.