ഇറാക്ക് സ്പെഷൽ സേന ഫല്ലൂജയിൽ എത്തി
Monday, May 30, 2016 12:11 PM IST
ബാഗ്ദാദ്: ഐഎസിന്റെ പിടിയിലുള്ള ഇറാക്കിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കുന്നതിനുള്ള യുദ്ധം ആരംഭിച്ചു. ഇറാക്കിന്റെ സ്പെഷൽസേന മൂന്നു വശത്തുനിന്ന് ഫല്ലൂജയിലേക്ക് നീങ്ങുകയാണെന്നും ഒരു യൂണിറ്റ് നഗരത്തിൽ കടന്നെന്നും സൈനികാധികൃതർ അറിയിച്ചു. ബാഗ്ദാദിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫല്ലൂജ ഐഎസ് പിടിച്ചത് 2014ലാണ്.

നഗരത്തിൽനിന്നു സിവിലിയന്മാർ രക്ഷപ്പെടുന്നത് ഐഎസ് തടഞ്ഞിരിക്കുകയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറെപ്പേർ പലായനം ചെയ്തെങ്കിലും ഇനിയും അരലക്ഷത്തോളം പേർ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെ ന്നാണു കരുതുന്നത്.

ഇറാക്കി വ്യോമസേനയുടെയും അമേരിക്കയുടെയും വിമാനങ്ങളുടെ പിൻബലത്തോടെയാണ് ഇറാക്കി സൈന്യം ഫല്ലൂജ ആക്രമണത്തിനു തിരിച്ചത്. ഇറാന്റെ ഷിയാ പോരാളികളും ഇവരുടെ സഹായത്തിനുണ്ട്.
400നും ആയിരത്തിനും ഇടയ്ക്ക് ഐഎസ് ഭടന്മാരാണു ഫല്ലൂജയിലുള്ളതെന്നും ഇവരെ തുരത്തി 48 മണിക്കൂറിനകം നഗരം തിരിച്ചുപിടിക്കാമെന്നാണു കരുതുന്നതെന്നും ഇറാക്കി സൈനിക വക്‌താവ് പറഞ്ഞു.

എഎസിന്റെ കൈവശമുള്ള മൊസൂൾ നഗരത്തിലും പോരാട്ടം നടക്കുകയാണ്.

<ആ>ഐഎസ് ആക്രമണം, 24മരണം

ബാഗ്ദാദ്: ഇറാക്കിന്റെ സ്പെഷൽ സേന ഫല്ലൂജയിൽ ആക്രമണം തുടരുന്നതിനിടെ ബാഗ്ദാദിലും പരിസരത്തും ഐഎസ് ഭീകരർ നടത്തിയ സ്ഫോടനങ്ങളിൽ 24 പേർ മരിച്ചു. ഷിയാ മേഖലയായ ഷാബിലെ ചെക്കുപോസ്റ്റിൽ കാർബോംബ് സ്ഫോടനത്തിൽ എട്ടു സിവിലിയന്മാരും മൂന്നു സൈനികരും മരിച്ചു. തർമിയയിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ ഏഴു സിവിലിയന്മാരും മൂന്നു പോലീസുകാരും മരിച്ചു. സദർസിറ്റിയിൽ ബൈക്കിൽ വച്ചിരുന്ന ബോംബ് പൊട്ടി മൂന്നു പേർ മരിക്കുകയും പത്തുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.