ഡമാസ്കസ് വെടിനിർത്തൽ 48 മണിക്കൂർകൂടി നീട്ടി
Monday, May 2, 2016 12:01 PM IST
അമ്മാൻ: സിറിയൻ തലസ്‌ഥാനമായ ഡമാസ്കസിലും പരിസരത്തും ലടാക്കിയ തീരമേഖലയിലും സിറിയൻ സൈന്യം പ്രഖ്യാപിച്ച വെടിനിർത്തൽ 48 മണിക്കൂർകൂടി ദീർഘിപ്പിച്ചു.

വെള്ളിയാഴ്ചയാണ് അസാദ് ഭരണകൂടം ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയിൽ സിറിയൻ സൈന്യവും വിമതരും പോരാട്ടം തുടരുകയാണ്.

ആലപ്പോയിൽ കഴിഞ്ഞ ഒമ്പതു ദിവസത്തിനകം പോരാട്ടങ്ങളിൽ നിരവധി സിവിലിയന്മാർ ഉൾപ്പെടെ 250 പേർക്കു ജീവഹാനി നേരിട്ടു. ഇന്നലെയും പടിഞ്ഞാറൻ ആലപ്പോയിൽ സർക്കാർ നിയന്ത്രിത മേഖലകളിലേക്കു വിമതർ റോക്കറ്റ് ആക്രമണം നടത്തി. കിഴക്കൻ മേഖലയിലെ വിമത കേന്ദ്രങ്ങളിൽ സൈനിക വിമാനങ്ങൾ ബാരൽ ബോംബ് വർഷിച്ചതായി ബ്രിട്ടൻ ആസ്‌ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.

രണ്ടുമാസം മുമ്പ് റഷ്യയും യുഎസും മുൻകൈയെടുത്തു കൊണ്ടുവന്ന വെടിനിർത്തൽ ആലപ്പോ, ഡമാസ്കസ് ആക്രമണങ്ങളോടെ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഡമാസ്കസിലെ പുതിയ വെടിനിർത്തൽ 48 മണിക്കൂർകൂടി നീട്ടാനുള്ള തീരുമാനം അംഗീകരിക്കണമെങ്കിൽ രാജ്യവ്യാപകമായി ഇതിനു പ്രാബല്യം നൽകണമെന്നു ചില വിമത ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. ആലപ്പോയിലും വെടിനിർത്തൽ നടപ്പാക്കാൻ റഷ്യയും അമേരിക്കയും ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.


മുഴുവൻസിറിയയിലും ഭാഗികമായെങ്കിലും വെടിനിർത്തൽ നടപ്പാക്കാനാണു പദ്ധതിയെന്നും ഇതിനായി നിരവധി നിർദേശങ്ങൾ ചർച്ച ചെയ്തു വരികയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ജനീവയിൽ പറഞ്ഞു.

ഇതേസമയം ഹോംസിനു സമീപമുള്ള തൽബിസെ പട്ടണത്തിൽ റെഡ്ക്രസന്റിന്റെ സഹായത്തോടെ ജീവകാരുണ്യ സഹായം എത്തിച്ചു. ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും സ്കൂൾ പാഠപുസ്തകങ്ങളും കയറ്റിയ 16 ട്രക്കുകളാണു പട്ടണത്തിൽ എത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.