ആണവ പരീക്ഷണം ഉപേക്ഷിക്കാൻ ഉപാധിവച്ച് ഉത്തര കൊറിയ
Sunday, April 24, 2016 12:32 PM IST
പ്യോംഗ്യാംഗ്: അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌തമായി വർഷംതോറും നടത്തുന്ന സൈനികാഭ്യാസം നിർത്തിയാൽ ആണവ പരീക്ഷണം ഉപേക്ഷിക്കാമെന്ന് ഉത്തരകൊറിയ വ്യക്‌തമാക്കി. അന്തർദേശീയ ഉപരോധത്തിലൂടെ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി സുയോംഗ് എപി വാർത്താ ഏജൻസിയോടു പറഞ്ഞു. ദക്ഷിണകൊറിയയോടുള്ള പ്രതിബദ്ധത കാരണമാണ് എല്ലാവർഷവും കൊറിയൻ മേഖലയിൽ സൈനികാഭ്യാസത്തിന് അമേരിക്ക തയാറാവുന്നതെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്‌ഥൻ പറഞ്ഞു.

ഇതിനിടെ ശനിയാഴ്ച അന്തർവാഹിനിയിൽനിന്ന് നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയിച്ചതിൽ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ സംതൃപ്തി പ്രകടിപ്പിച്ചു. സിയൂളിലും വാഷിംഗ്ടണിലും ആക്രമണം നടത്താനുള്ള ശേഷി ഉത്തരകൊറിയ കൈവരിച്ചുകഴിഞ്ഞെന്നും കിം പറഞ്ഞു.


ശനിയാഴ്ചത്തെ മിസൈൽ പരീക്ഷണം യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് അമേരിക്കയും ബ്രിട്ടനും വ്യക്‌തമാക്കി.

അന്തർവാഹിനിയിൽ നിന്നു ജപ്പാൻ കടലിലേക്കു വിക്ഷേപിച്ച മിസൈൽ 30 കിലോമീറ്റർ ദൂരം മാത്രമേ പോയുള്ളുവെന്നും പരീക്ഷണം പരാജയപ്പെട്ടെന്നും നേരത്തെ ദക്ഷിണകൊറിയ പറഞ്ഞിരുന്നു. മിസൈൽ പരീക്ഷണം വിജയകരമായിരുന്നുവെന്നും പ്രസിഡന്റ് കിം നേരിട്ട് മേൽനോട്ടം വഹിച്ചുവെന്നും ഉത്തരകൊറിയയുടെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.