ഡൊണാള്‍ഡ് ട്രംപിനും ഹില്ലരി ക്ളിന്റണും ജയം
ഡൊണാള്‍ഡ് ട്രംപിനും ഹില്ലരി ക്ളിന്റണും ജയം
Monday, March 7, 2016 11:59 PM IST
വാഷിംഗ്ടണ്‍: സൂപ്പര്‍ശനി മത്സരങ്ങള്‍ കഴിഞ്ഞതോടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ ഹില്ലരി ക്ളിന്റണും ആത്മവിശ്വാസം വര്‍ധിച്ചു.

ലൂയിസിയാന പ്രൈമറിയിലും കെന്റക്കി കോക്കസിലും ട്രംപ് വിജയിച്ചു. മെയിന്‍സിലും കാന്‍സസിലും നടന്ന കോക്കസുകളില്‍ ടെഡ് ക്രൂസിനാണു വിജയം. റുബിയോയും കാസികും നാലിടത്തും പിന്നിലായി.

ശനിയാഴ്ചത്തെ മത്സരത്തില്‍ ട്രംപിനേക്കാള്‍ കൂടുതല്‍ ഡലിഗേറ്റുകളെ കിട്ടിയത് ക്രൂസിനാണ്. എന്നാല്‍, മൊത്തത്തിലുള്ള ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ട്രംപാണു മുന്നില്‍. ട്രംപിന്378 ഡലിഗേറ്റുകളും ക്രൂസിന് 295 ഡലിഗേറ്റുകളും. ഇതുവരെ മത്സരം നടന്ന സ്റേറ്റുകളില്‍ 12 എണ്ണത്തില്‍ ട്രംപും ഏഴെണ്ണത്തില്‍ ക്രൂസും വിജയിച്ചു.


റുബിയോ മത്സരരംഗം വിടണമെന്നും ക്രൂസുമായി നേരിട്ടുള്ള മത്സരമാണ് ആഗ്രഹിക്കുന്നതെന്നും ശനിയാഴ്ച വിജയവാര്‍ത്ത അറിഞ്ഞശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഡമോക്രാറ്റ് പാര്‍ട്ടിയില്‍ ഹില്ലരി ക്ളിന്റണ്‍ ലൂയിസിയാനയില്‍ ഉജ്വല വിജയം നേടി. കാന്‍സസിലും നെബ്രാസ്കയിലും എതിരാളി സാന്‍ഡേഴ്സ് ജയിച്ചെങ്കിലും കൂടുതല്‍ ഡലിഗേറ്റുകളുള്ളത് ലൂയിസിയാനയിലാണ്.

കാന്‍സസില്‍ 37ഡലിഗേറ്റുകളും നെബ്രാസ്കയില്‍ 25 പേരും ലൂയിസിയാനയില്‍ 59 പേരുമാണുള്ളത്. ഇതുവരെ മത്സരം നടന്ന 18 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തില്‍ ഹില്ലരിയും ഏഴെണ്ണത്തില്‍ സാന്‍ഡേഴ്സും ജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.