ക്ഷീരപഥം മറച്ചുവച്ച 883 നക്ഷത്രസമൂഹങ്ങളെ കണ്െടത്തി
Thursday, February 11, 2016 12:17 AM IST
ന്യുയോര്‍ക്ക്: ഒടുവില്‍ അവരെ കണ്െടത്തി. ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥം എന്ന നക്ഷത്രസമൂഹത്തിനപ്പുറം ഒളിച്ചിരുന്ന നക്ഷത്രസമൂഹങ്ങളെ പിടികൂടി.

ഒന്നും രണ്ടുമല്ല, എണ്ണൂറിലേറെ നക്ഷത്രസമൂഹങ്ങളെയാണ് കണ്ടത്. ഓസ്ട്രേലിയയില്‍ ന്യൂസൌത്ത് വെയ്ല്‍സ് സംസ്ഥാനത്തെ പാര്‍ക്കസിലുള്ള റേഡിയോ ടെലിസ്കോപ്പ് ആണ് പ്രപഞ്ചത്തിലെ ഇന്നുവരെയും നിരീക്ഷിക്കാത്ത മേഖലയിലേക്ക് കണ്ണയച്ചത്. ക്ഷീരപഥത്തിലെ നക്ഷത്രങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കിടയിലുള്ള ധൂളിപടലങ്ങള്‍ക്കുമിടയിലൂടെ റേഡിയോ ടെലിസ്കോപ് കണ്ണയച്ചു. 25 കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ് ഈ നക്ഷത്രസമൂഹങ്ങള്‍ കാണപ്പെട്ടത്.

(പ്രകാശവര്‍ഷം എന്നാല്‍ സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശരശ്മി ഒരുവര്‍ഷംകൊണ്ടു സഞ്ചരിച്ച് എത്തുന്ന ദൂരം. 9.46 ലക്ഷംകോടി കിലോമീറ്റര്‍ വരും ഇത്.)


ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമി റിസര്‍ച്ചിലെ പ്രഫസര്‍ ലിസ്റര്‍ സ്റാവെലി സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘം 883 നക്ഷത്രസമൂഹങ്ങളെ തിരിച്ചറിഞ്ഞു.

ഈ മേഖലയിലേക്ക് ക്ഷീരപഥം മണിക്കൂറില്‍ 20 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു നക്ഷത്രസമൂഹത്തില്‍ സാധാരണ പതിനായിരം കോടി നക്ഷത്രങ്ങള്‍ കാണും.

ആയിരംകോടി സൂര്യന്മാരുടെ ബലത്തോടെ ക്ഷീരപഥത്തെ ഈ ദിശയിലേക്കു വലിക്കുന്നതായി മുന്‍പ് അറിവുണ്ടായിരുന്നു. അതിന് വലിയ ആകര്‍ഷകന്‍ (ഗ്രേറ്റ് അട്രാക്ടര്‍) എന്നു പേരിട്ടിരുന്നെങ്കിലും എന്താണ് എന്നു ശാസ്ത്രത്തിനു വിശദീകരണമില്ലായിരുന്നു. ആ സമസ്യക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.