പാരീസില്‍ രണ്ടാമതും ആക്രമണത്തിനു ഭീകരര്‍ പദ്ധതിയിട്ടെന്നു റിപ്പോര്‍ട്ട്
Thursday, November 26, 2015 11:45 PM IST
പാരീസ്: പാരീസില്‍ രണ്ടാമ തൊരു ആക്രമണത്തിനുകൂടി ഭീകരര്‍ പദ്ധതിയിട്ടിരുന്നുവെന്നു ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈ മാസം 13നു നടന്ന പാരീസ് ഭീകരാക്രമണത്തില്‍ 130 പേര്‍ക്കു ജീവഹാനി നേരിട്ടു. 18നോ 19നോ പാരീസിലെ ധനകാര്യ മേഖലയായ ലാ ഡിഫെന്‍സില്‍ ആക്രമണം നടത്താന്‍ സൂത്രധാരനെന്നു കരുതുന്ന അബാഊദും മറ്റൊരു ഭീകരനും പദ്ധതി തയാറാക്കിയിരുന്നുവത്രെ.

ഭീകരര്‍ക്ക് കെട്ടിടം വാടകയ്ക്കു നല്‍കിയ ജവാദ് ബന്‍ദൌദിന്റെ സെല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഇയാള്‍ അബാഊദും മറ്റുമായി പാരീസ് ആക്രമണത്തിനു മുമ്പും അതിനുശേഷവും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി തെളിഞ്ഞെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. അബാഊദ് പിന്നീടു കൊല്ലപ്പെട്ടു.


ഇതിനിടെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാളെന്നു കരുതപ്പെടുന്ന സലാ അബ്ദസലാമിനായി ഫ്രാന്‍സിലും ബല്‍ജിയത്തിലും പോലീസ് തെരച്ചില്‍ തുടരുകയാണ്.

നാലുദിവസമായി ജനജീവിതം സ്തംഭിച്ച ബല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ സ്കൂളുകളും മെട്രോയും തുറന്നു. എന്നാല്‍ ജാഗ്രത തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.