ഡിഎന്‍എയുടെ കേടുപോക്കല്‍ മനസിലാക്കിയതിനു നൊബേല്‍
ഡിഎന്‍എയുടെ കേടുപോക്കല്‍ മനസിലാക്കിയതിനു നൊബേല്‍
Thursday, October 8, 2015 11:27 PM IST
സ്റോക്ക്ഹോം: മനുഷ്യ ജനിതകഘടനയുടെ അടിസ്ഥാനമായ ഡിഎന്‍എ ശൃംഖലയുടെ തകരാറുകള്‍ പരിഹരിക്കുന്ന സംവിധാനത്തെപ്പറ്റിയുള്ള പഠനത്തിനു രസതന്ത്ര നൊബേല്‍ പുരസ്കാരം. ബ്രിട്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റിറ്റ്യൂട്ടിലെ തോമസ് ലിന്‍ഡാല്‍, യുഎസ്എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ പോള്‍ മോഡ്രിച്ച്, യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോളൈനയിലെ തുര്‍ക്കിക്കാരനായ ഗവേഷകന്‍ അസീസ് സന്‍കാര്‍ എന്നിവരാണു പുരസ്കാരം പങ്കുവച്ചത്.

ഒരു മനുഷ്യകോശത്തില്‍ 46 ക്രോമസോമുകളാണുള്ളത്. ഈ കോമസോമുകളിലാണ് ഒരാളെ സംബന്ധിക്കുന്ന എല്ലാ ജൈവ വസ്തുതകളും അടങ്ങിയിരിക്കുന്നത്. ഇരട്ടപ്പിരിയന്‍ ഗോവണിയുടെ രൂപത്തില്‍ ഉള്ള ഡിഎന്‍എ (ഡി ഓക്സി റിബോ ന്യൂക്ളിയിക് ആസിഡ്) ആണ് ക്രോമസോമിലുള്ളത്. അഡനൈന്‍, തൈമിന്‍, ഗ്വാനെന്‍, സൈറ്റോസിന്‍ എന്നീ നാലു ന്യൂക്ളിയോടൈഡുകള്‍ ജോഡി ചേര്‍ന്നതാണിത്. ഒരു കോശത്തിലെ ന്യൂക്ളിയോടൈഡ് ജോഡികളുടെ എണ്ണം 600 കോടി വരും. ഒരു ശരീരത്തില്‍ അനേക ശതകോടി കോശങ്ങള്‍ ഉണ്ട്.

ഈ അസംഖ്യം ഡിഎന്‍എകളിലെ ന്യൂക്ളിയോടൈഡ് ജോഡികളും ന്യൂക്ളിയോടൈഡുകളും യാതൊരു രാസമാറ്റവും ഘടനമാറ്റവും കൂടാതെ എങ്ങനെ നിരന്തരം വിഭജിച്ചു വളരുന്നു എന്നതായിരുന്നു ഇവരുടെ ഗവേഷണം. ഡിഎന്‍എയ്ക്ക് എളുപ്പം മാറ്റം സംഭവിക്കാമെന്ന് 1970കള്‍ക്കു മുമ്പേ മനസിലാക്കി. ഈ മാറ്റം വരുമ്പോള്‍ത്തന്നെ പ്രശ്നമുള്ള ന്യൂക്ളിയോടൈഡ് മാറ്റി പ്രശ്നമില്ലാത്തതിനെ അവിടെ ചേര്‍ക്കുന്നുണ്ട്. കേടുവന്നവയെ നീക്കംചെയ്യുന്ന ഒരു എന്‍സൈമിനെ 1974ല്‍ തോമസ് ലിന്‍ഡാല്‍ കണ്െടത്തി. ഗവേഷണം തുടര്‍ന്ന അദ്ദേഹം 1996 ഓടെ കോശങ്ങളിലെ ഈ കേടുപോക്കല്‍ സംവിധാനം കൃത്രിമമായി നടത്തുന്നതില്‍ വിജയിച്ചു. ഇതേകാലത്തുതന്നെയാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാട് മാറ്റുന്ന സംവിധാനം അസീസ് സന്‍കാര്‍ മനസിലാക്കിയത്.


പോള്‍ മോഡ്രിച്ചും ഇതേ കാലത്ത് കോശങ്ങളിലെ കേടുപോക്കല്‍ സംവിധാനത്തിന്റെ സ്വഭാവവിശേഷങ്ങള്‍ കണ്െടത്തി. കോശങ്ങള്‍ ജനിതകവിവരങ്ങള്‍ കോശവിഭജനവേളയിലും പ്രത്യുത്പാദനവേളയിലും എങ്ങനെ ഭദ്രമായി സംരക്ഷിക്കുന്നു എന്നു മൂവരുടെയും പഠനങ്ങളിലൂടെ ശാസ്ത്രലോകം മനസിലാക്കി.

ഈ അറിവ് കാന്‍സര്‍ ചികിത്സയില്‍ നാടകീയ മുന്നേറ്റത്തിനു വഴിതെളിച്ചു. കോശഘടനയിലുണ്ടാകുന്ന മാറ്റമാണല്ലോ കാന്‍സര്‍. ചെറിയ ഘടനാമാറ്റം വന്ന കോശങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്ന അറിവ് ചികിത്സയില്‍ പുതിയ സങ്കേതങ്ങള്‍ തുറന്നു. സ്വീഡനില്‍ ജനിച്ച ലിന്‍ഡാലിന് 77 വയസുണ്ട്. അമേരിക്കയില്‍ ജനിച്ച മോഡ്രിച്ചിനും തുര്‍ക്കിയില്‍ ജനിച്ച സന്‍കാറിനും 69 വയസ് വീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.