ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 116 മരണം
ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 116 മരണം
Wednesday, July 1, 2015 11:18 PM IST
മെഡാന്‍ (ഇന്തോനേഷ്യ): ഇന്തോനേഷ്യന്‍ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനം പറന്നുയര്‍ന്നയുടന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് 116 പേര്‍ കൊല്ലപ്പെട്ടു. സുമാ ത്ര ദ്വീപിലെ ജനവാസകേന്ദ്രമായ മെഡാനിലാണ് ഹെര്‍ക്കുലിസ് സി-130 വിഭാഗത്തില്‍പ്പെടുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. 66 മൃതദേഹങ്ങള്‍ ഇതിനകം കണ്െടത്തിയെന്നു വ്യോമസേനാ തലവന്‍ ആഗസ് സുപ്രിയാറ്റ്ന പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന 101 യാത്രികരും 12 ജീവനക്കാരും കൊല്ലപ്പെട്ടതിനു പുറമേ വിമാനാവശിഷ്ടങ്ങള്‍ പതിച്ച് നിലത്തുണ്ടായിരു ന്ന മൂന്നു പേരും മരിച്ചു. ഒരു മസാജ്പാര്‍ലറിനും ഹോട്ടലിനും മുകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.

സൈനികരുടെ കുടുംബാംഗങ്ങളായിരുന്നു വിമാനത്തിലെ യാത്രക്കാരില്‍ ഏറെയുമെന്ന് മെഡാനിലെ വ്യോമതാവള വക്താവ് അറിയിച്ചു.

പറന്നുയര്‍ന്ന് രണ്ടുമിനിറ്റിനകം വിമാനം താഴെ വീണു. എയര്‍ബെയ്സില്‍ നിന്ന് വെറും അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളു. പറയന്നുയര്‍ന്ന ഉടന്‍ പൈലറ്റ് തിരിച്ചിറങ്ങാനുള്ള അനുമതി തേടി. യന്ത്രത്തകരാണ് അപകടകാരണമെന്നു കരുതുന്നു. വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും മെഡാനിലേക്കു വരും മുമ്പ് നിരവധി സര്‍വീസുകള്‍ നടത്തിയിരുന്നതായും സൈനികനേതൃത്വം അറിയിച്ചു.


രക്ഷാപ്രവര്‍ത്തനം ഊര്‍ജിത മായി നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കെട്ടിടത്തിന്റെയും വിമാനത്തിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ അഗാധദുഃഖം രേഖപ്പെടുത്തി.

1964ല്‍ നിര്‍മിച്ച ഹെര്‍ക്കുലീസ് വിമാനമാണ് ദുരന്തത്തിനിരയായത്. ഹെര്‍ക്കുലീസ് സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. മെഡാനില്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന രണ്ടാ മത്തെ വലിയ വിമാനാപകടമാണിത്.

2005ല്‍ മെഡാനിലെ പൊളോണിയ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ബോയിംഗ് വിമാനം താമസിയാതെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് നിലത്തുണ്ടായിരുന്ന 30 പേര്‍ ഉള്‍പ്പെടെ 143 പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.