ഹമാസിനെ കുറ്റപ്പെടുത്തി ആംനസ്റി റിപ്പോര്‍ട്ട്
Thursday, May 28, 2015 10:56 PM IST
ലണ്ടന്‍: കഴിഞ്ഞ ഗാസാ യുദ്ധകാലത്ത് ഹമാസ് സ്വന്തം ജനതയായ പലസ്തീന്‍കാര്‍ക്ക് എതിരേ അതിക്രമം നടത്തിയെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ആംനസ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇവയില്‍ ചിലത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നും ആംനസ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രേലി യുദ്ധവിമാനങ്ങള്‍ ഗാസയില്‍ ബോംബു വര്‍ഷിക്കുമ്പോള്‍ ഹമാസ് കണക്കുതീര്‍ക്കുന്ന തിരക്കിലായിരുന്നു. ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചു പലരെയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. 23 പേരെ ഇപ്രകാരം കൊലപ്പെടുത്തി.

യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സുരക്ഷാഭടന്മാര്‍ക്ക് തോന്നുന്നപോലെ പ്രവര്‍ത്തിക്കാന്‍ ഗാസയിലെ ഹമാസ് ഭരണകൂടം അനുമതി നല്‍കിയെന്നാണ് ആംനസ്റിയുടെ ആരോപണം. എതിരാളികളായ ഫത്താ ഗ്രൂപ്പില്‍പ്പെട്ട പലരും പീഡനത്തിനിരയായി. മുന്‍ പലസ്തീന്‍ അഥോറിട്ടി സുരക്ഷാസേനാംഗങ്ങളും ഹമാസിന്റെ അതിക്രമങ്ങള്‍ക്കിരയായി. ഗാസാ നിവാസികളില്‍ ഭീതി പടര്‍ത്തുകയായിരുന്നു ലക്ഷ്യം. അല്‍ ഒമാരി മോസ്കിനു മുന്നില്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ആറുപേരെ ഹമാസിന്റെ ഫയറിംഗ് സ്ക്വാഡ് പരസ്യമായി വെടിവച്ചുകൊന്ന കാര്യം റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇസ്രയേലുമായി സഹകരിച്ചതിന് ഇവരെ വിപ്ളവകോടതി വധശിക്ഷയ്ക്കു വിധിച്ചെന്ന് ഹമാസ് പരസ്യപ്പെടുത്തി.


അതിക്രമങ്ങളുടെ പേരില്‍ ആരുടെ പേരിലും ഒരു നടപടിയുമുണ്ടായില്ലെന്നും, ഹമാസിന്റെ അറിവോടെയോ ഉത്തരവോടെയോ ആണ് ഇവയെല്ലാം നടന്നതെന്ന കാര്യം ഇതില്‍നിന്നു വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശക്തിഹീനരായ വ്യക്തികളുടെമേല്‍ ഹമാസ് നടത്തിയ അതിക്രമം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് ആംനസ്റിയുടെ മിഡില്‍ ഈസ്റ് പ്രതിനിധി ഫിലിപ് ലൂഥര്‍ അഭിപ്രായപ്പെട്ടു. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ആംനസ്റി റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് ഹമാസ് വക്താവ് ഫൌസി ബാര്‍ഹും പറഞ്ഞു. ശരിയായി അന്വേഷണം നടത്താതെ തയാറാക്കിതും ഏറെ അതിശയോക്തി കലര്‍ന്നതുമാണ് ഈ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസായുദ്ധത്തില്‍ ഇസ്രേലി സൈന്യം നടത്തിയ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും എതിരേ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ പലസ്തീന്‍കാര്‍ തയാറെടുക്കുന്നതിനിടെയാണ് ആംനസ്റി റിപ്പോര്‍ട്ടു പുറത്തുവന്നത്.അമ്പതുദിവസം ദീര്‍ഘിച്ച 2014ലെ ഗാസായുദ്ധത്തില്‍ 2200 പലസ്തീന്‍കാര്‍ക്കും 73 ഇസ്രേലികള്‍ക്കും ജീവഹാനി നേരിട്ടു. ഡിസംബറില്‍ ആംനസ്റി പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഇസ്രേലിസേന യുദ്ധക്കുറ്റം ചെയ്തെന്ന് കുറ്റപ്പെടുത്തി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.