ലഖ്വിക്കു ജയിലില്‍ സുഖവാസം
ലഖ്വിക്കു ജയിലില്‍ സുഖവാസം
Monday, March 2, 2015 11:29 PM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്വിക്ക് ജയിലില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങി എല്ലാ ആധുനിക സൌകര്യങ്ങളും ലഭിക്കുന്നുണ്െടന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു. സന്ദര്‍ശകര്‍ക്കും നിരോധനമില്ല.

റാവല്‍പ്പിണ്ടിയിലെ അതീവ സുരക്ഷയുള്ള അദിയാല ജയിലിലാണ് 55കാരനായ ലഖ്വിയെ പാര്‍പ്പിച്ചിരിക്കുന്നത്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണക്കേസില്‍ കൂട്ടുപ്രതികളായ അബ്ദുല്‍ വാജിദ്, മസര്‍ ഇക്ബാല്‍, ഹമീദ് ഇക്്ബാല്‍, ഹമദ് അമിന്‍ സാദിക്ക്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് അന്‍ജും എന്നിവര്‍ക്കും ജയിലില്‍ സര്‍വവിധ സൌകര്യങ്ങളും ലഭിക്കുന്നുണ്ട്. ജയിലറുടെ മുറിക്കു സമീപം ഇവരുടെ ആവശ്യങ്ങള്‍ക്കായി ഏതാനും മുറികള്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

ആഴ്ചയില്‍ ഏഴുദിവസവും രാത്രിയോ പകലോ വ്യത്യാസമില്ലാതെ എത്ര സന്ദര്‍ശകരെ വേണമെങ്കിലും സ്വീകരിക്കാന്‍ ലഖ്്വിക്ക് അനുമതി നല്‍കിയിരിക്കുകയാണെന്നും ബിബിസി ഉര്‍ദു സര്‍വീസ് റിപ്പോര്‍ട്ടു ചെയ്തു. സാധാരണ ഒരു ദിവസം നൂറോളം പേരാണ് ലഖ്വിയെ സന്ദര്‍ശിക്കുന്നത്. ജയില്‍ വാര്‍ഡര്‍മാരുടെ സാന്നിധ്യമില്ലാതെ സന്ദര്‍ശകരുമായി എത്രനേരം വേണമെങ്കിലും ചര്‍ച്ച നടത്താന്‍ ലഖ്വിക്ക് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്വിക്ക് ജാമ്യം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ അദ്ദേഹത്തെ ജയിലില്‍ തുടര്‍ന്നും പാര്‍പ്പിക്കുകയായിരുന്നു. ഇതിനെതിരേ കോടതി വിധി വന്നപ്പോള്‍ അഫ്ഗാന്‍ പൌരനെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു കേസില്‍ അറസ്റുചെയ്ത് ജയിലില്‍ അടച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.