കടത്തില്‍ ഇളവ് വേണമെന്നു ഗ്രീസ്
കടത്തില്‍ ഇളവ് വേണമെന്നു ഗ്രീസ്
Wednesday, January 28, 2015 12:12 AM IST
ആഥന്‍സ്: ഗ്രീസില്‍ ഭരണംപിടിച്ച ഇടതുസഖ്യം രാജ്യത്തിന്റെ കടത്തില്‍ ഇളവ് നല്കണമെന്നു യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഗ്രീസിന്റെ മുഴുവന്‍ കടവും തിരിച്ചടയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതു യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നു പുതിയ ഭരണസഖ്യത്തെ നയിക്കുന്ന സിറിസ പാര്‍ട്ടിയുടെ ധനകാര്യവക്താവ് പറഞ്ഞു.

ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ട് നേടിയ ഇടതുപക്ഷ സിറിസ പാര്‍ട്ടിയുടെ നേതാവ് അലക്സിസ് സീപ്രാസ് പ്രധാനമന്ത്രിയായി. വലതുപക്ഷ പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്ക് (അനെല്‍)മായി സഖ്യമുണ്ടാക്കിയാണ് സീപ്രാസ് ഭരണത്തിലേറിയത്. സീപ്രാസിനു കേവലഭൂരിപക്ഷത്തിലും രണ്ടു സീറ്റ് കുറച്ചേ ലഭിച്ചുള്ളൂ.

നാല്പതുകാരനായ സീപ്രാസ് പറഞ്ഞത് ഗ്രീസിന്റെ കടം സംബന്ധിച്ച കരാര്‍ മാറ്റിയെഴുതാതെ താന്‍ വിശ്രമിക്കില്ലെന്നാണ്. 16.74 ലക്ഷം കോടി രൂപ (27,000 കോടി ഡോളര്‍) ആണു ഗ്രീസിന്റെ കടം. കടബാധ്യതയില്‍ ഇളവു നല്കില്ലെന്നാണു യൂറോപ്യന്‍ യൂണിയനിലെ വന്‍ ശക്തിയായ ജര്‍മനിയുടെ നിലപാട്.


ജര്‍മന്‍കാരെ നവനാസികള്‍ എന്നു വിളിക്കുന്നയാളാണ് അനെല്‍ പാര്‍ട്ടിയുടെ നേതാവ് പാനോസ് കമ്മേനോസ്. അദ്ദേഹം പ്രതിരോധമന്ത്രിയാകും. സിറിസ പാര്‍ട്ടിയിലെ യാന്നിസ് ഡ്രാഗസാകിസ് ഉപപ്രധാനമന്ത്രിയും യാനിസ് വാറൂഫാകിസ് ധനമന്ത്രിയുമായി.

കടത്തില്‍ ഇളവു നല്കുന്നതോടൊപ്പം ചെലവു കുറയ്ക്കല്‍ നിബന്ധനകളും കമ്മിയുടെ പരിധിയും മാറ്റണമെന്നും പുതിയ ഭരണമുന്നണി ആവശ്യപ്പെടുന്നു. അനുവദിച്ചില്ലെങ്കില്‍ ഏപ്രിലിനു മുമ്പു നല്കേണ്ട ഗഡു നല്കില്ലെന്നും വേണ്ടിവന്നാല്‍ യൂറോ നാണയം ഉപേക്ഷിക്കുമെന്നും സിറിസ പാര്‍ട്ടി നേരത്തേ പറഞ്ഞി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.