കത്തോലിക്കാ- ഓര്‍ത്തഡോക്സ് ചര്‍ച്ചകള്‍ വത്തിക്കാനില്‍
Wednesday, January 28, 2015 12:15 AM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍


വത്തിക്കാന്‍സിറ്റി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്രപരമായ ഡയലോഗിനു വേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്‍ മീറ്റിംഗ്, റോമില്‍ സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ കാര്യാലയത്തില്‍ തുടങ്ങി. 31നു സമാപിക്കും. 25നു വൈകുന്നേരം അഞ്ചരയ്ക്ക് സെന്റ് പോള്‍സ് ബസിലിക്കായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലും വിവിധ അകത്തോലിക്കാ സഭകളുടെ പ്രതിനിധികളുടെ ഭാഗഭാഗിത്വത്തോടെയും നടത്തിയ സായാഹ്ന പ്രാര്‍ഥനയോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.

താത്വികമായ ചര്‍ച്ചയിലൂടെ സഭൈക്യം ഉണ്ടാകുന്നില്ലെന്നും കര്‍ത്താവ് രണ്ടാമതു വരുമ്പോഴും നമ്മള്‍ ചര്‍ച്ചയിലായിരിക്കുമെന്നും വൈവിധ്യങ്ങളെ ഏകോപിപ്പിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിലാണ് സഭൈക്യം സംഭവിക്കേണ്ടതെന്നും വചനസന്ദേശം നല്‍കിക്കൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. എളിമയോടെ എല്ലാ സഭകളും കര്‍ത്താവായ ഈശോമിശിഹായുടെ അടുക്കലെത്തുമ്പോള്‍ സഭകള്‍ തമ്മിലും അടുപ്പമുണ്ടാകും. സഭകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടാണ് പൂര്‍ണഐക്യത്തിലേക്ക് എത്തുന്നത്. എല്ലാ സഭകളും ഏക സുവിശേഷത്തിന്റെ ശുശ്രൂഷയിലാണെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

2003ല്‍ പ്രവര്‍ത്തനമാരംഭിച്ച അന്തര്‍ദേശീയകമ്മീഷന്റെ 12-ാമത്തെ മീറ്റിംഗാണിത്. കഴിഞ്ഞ മീറ്റിംഗുകളില്‍ സഭകളുടെ സ്വഭാവത്തെക്കുറിച്ചും ദൌത്യത്തെക്കുറിച്ചും നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പൊതുധാരണയിലെത്തി ഒരു രേഖയ്ക്ക് കമ്മീഷന്‍ രൂപം കൊടുത്തിരുന്നു. സഭാകൂട്ടായ്മയ്ക്ക് ഇന്നു പ്രചോദനമാകും വിധം ആദിമസഭയിലെ കൂട്ടായ്മാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള മറ്റൊരു രേഖയ്ക്ക് അന്തിമ രൂപം നല്‍കുന്നതും പ്രവേശനകൂദാശകളും സഭൈക്യവും എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ചകളും ഈ ദിവസങ്ങളില്‍ റോമില്‍ നടക്കും.


ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുമായാണു കത്തോലിക്കാ സഭ ഈ കമ്മീഷനില്‍ ചര്‍ച്ചകള്‍ നടത്തുക. കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ട് കാതോലിക്കറ്റുകള്‍, സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ, എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ് സഭ, എറിത്രേയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവയാണ് ആ സഭകള്‍. ഒരു ഓര്‍ത്തഡോക്സ് സഭയുടെ രണ്ടു പ്രതിനിധികള്‍ വീതം 14 പേരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് 14 പേരും ചേര്‍ന്നു 28 പേരാണ് ഈ കമ്മീഷനിലുള്ളത്. ഇന്ത്യയില്‍ നിന്നു നാലു പേരാണു കമ്മീഷനിലുള്ളത്.

മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് (തിരുവനന്തപുരം), യൂഹാനോന്‍ മാര്‍ ദെമേത്രിയോസ് (ഡല്‍ഹി), സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു തെയോഫിലോസ് മാര്‍ കുര്യാക്കോസ് (മുളന്തുരുത്തി) തിരുമേനിമാരും, കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് മല്‍പാന്‍ ഡോ. മാത്യു വെള്ളാനിക്കലച്ചനും കമ്മീഷനില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഫോര്‍ ക്രിസ്റ്യന്‍ യുണിറ്റിയുടെ പ്രസിഡന്റായ കര്‍ദിനാള്‍ കുര്‍ട്ട് കോഹും കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്താ ആംബാബിഷോയിയും കോ ചെയര്‍മാന്മാരായ കമ്മീഷനംഗങ്ങളെ ഫ്രാന്‍സീസ് മാര്‍പാപ്പ 30നു പ്രത്യേകമായി കണ്ട് സന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.