ഭീകരവിരുദ്ധ പ്രഖ്യാപനത്തിനിടെ പാക് ഭീകരനു ജാമ്യം
Friday, December 19, 2014 12:15 AM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്വിക്കു പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. താലിബാന്‍ തീവ്രവാദികളോടു വിട്ടുവീഴ്ചയില്ലെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂറിനകമുണ്ടായ കോടതിതീരുമാന ത്തെ ഇന്ത്യ ശക്തമായി അപല പിച്ചു.

ലഖ്വിയുടെ ജാമ്യത്തിനെതിരേ പാക് ഭരണകൂടം ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെടുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയോട് കേസിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ തേടുകയും ചെയ്തു. മതിയായ തെളിവുകളില്ലെന്ന കാരണത്താലാണ് ഇസ്ലാമാബാദിലെ ഭീകരവിരുദ്ധകോടതി ജഡ്ജി കൌസര്‍ അബ്ബാദ് സിയാദി ലഖ്വിക്കും ആറു പ്രതികള്‍ക്കും ജാമ്യം നല്‍കിയത്. കോടതിയുടെ തീരുമാനം പ്രോസിക്യൂഷന്‍ തലവന്‍ ചൌധരി അസര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് 54 കാരനായ ലഖ്വിയും മറ്റ് ആറു പ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പെഷവാറില്‍ പിഞ്ചുകുട്ടികളെ താലിബാന്‍ ഭീകരര്‍ കൂട്ടക്കുരുതി നട ത്തിയതില്‍ അഭിഭാഷകര്‍ അന്നു പ്രതിഷേധിച്ചിരുന്നു. ആ ദിവസ മാണു ലഖ്വി ജാമ്യാപേക്ഷ നല്‍കിയത്. കോടതിവിധി അപ്രതീക്ഷിതമാണെന്നു പ്രോസിക്യൂഷന്‍ തലവന്‍ പറഞ്ഞു. നിരവധി സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. കോടതിയുടെ ഉത്തരവ് പൂര്‍ണമായും ലഭിച്ചശേഷമേ വിശദമായ അഭിപ്രായപ്രകടനം നടത്തൂവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മതിയായ തെളിവുകളില്ലാത്തതിനാലാണ് തന്റെ കക്ഷിക്കു ജാമ്യംലഭിച്ചതെന്ന് ലഖ്വിയുടെ അഭിഭാഷകന്‍ രാജ റിസ്വാന്‍ അവകാശപ്പെട്ടു.


166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണു ലഖ്വി. ആക്രമണം നടത്തിയ തീവ്രവാദികളുടെ കമാന്‍ഡറായിരുന്ന ലഖ്വിയാണ് ഇവരെ ബോട്ട്മാര്‍ഗം മുംബൈയിലേക്കു അയച്ചത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദത്തിനുശേഷം 2008ല്‍ പാക്കിസ്ഥാനില്‍ അറസ്റിലായ ലഖ്വിയും കൂട്ടുപ്രതികളും കനത്ത സുരക്ഷാസന്നാഹങ്ങളുള്ള റാവല്‍പിണ്ടിയിലെ അഡെലാ ജയിലിലാണു കഴിഞ്ഞിരുന്നത്.

അഡെല ജയിലില്‍ സ്ഥാപിച്ച കോടതിയില്‍ രഹസ്യമായായിരുന്നു ജാമ്യാപേക്ഷയുടെ നടപടികള്‍. കേസില്‍ തുടര്‍ന്നു വാദംകേള്‍ക്കുന്നതു കോടതി ജനുവരി ഏഴിലേക്കു മാറ്റി. ലഖ്വിക്കു പുറമേ അബ്ദുള്‍ വാജിദ്, മസൂര്‍ ഇക്ബാല്‍, ഹമദ് അമിന്‍ സിദ്ദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജാമില്‍ അഹമ്മദ്, യൂനിസ് അന്‍ജും എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.

ഭീകരരെ നേരിടാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ കര്‍മപദ്ധതി തയാറാക്കുമെന്നു പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞതിനു പിറ്റേന്നുതന്നെ കൊടുംഭീകരനു ജാമ്യം ലഭിച്ചതോടെ ഭീകരതയ്ക്കെതിരേയുള്ള പാക് നിലപാടിനെക്കുറിച്ചു സംശയങ്ങളും ബലപ്പെടുകയാണ്. താലിബാനില്‍ നല്ല തെന്നോ ചീത്തയെന്നോ ഇല്ലെന്നും അവസാനത്തെ തീവ്രവാദിയെയും അമര്‍ച്ച ചെയ്യുംവരെയും പ്രവര്‍ത്തിക്കുമെന്നും പെഷവാര്‍ സംഭവത്തെത്തുടര്‍ന്നു വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞിരുന്നു. ലഖ്വിയുടെ ജാമ്യത്തെ എതിര്‍ക്കുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനിലെ കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.