ഐഎസ് ക്രൂരത വീണ്ടും; പിഞ്ചുകുഞ്ഞിന്റെ തലവെട്ടി
Wednesday, October 22, 2014 11:28 PM IST
ലണ്ടന്‍: തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ നഗരമായ കൊബാനിയില്‍ ഏതാനും മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്തതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ മൊബൈലില്‍നിന്ന് കുര്‍ദ് സൈനികരാണ് ശിരച്ഛേദത്തിന്റെ ഫോട്ടോ കണ്െടടുത്തതെന്ന് ഡെയിലി സ്റാര്‍ റിപ്പോര്‍ട്ടു ചെയ്തു. കുര്‍ദ് സൈനികരും ഐഎസും ഇവിടെ രൂക്ഷ പോരാട്ടത്തിലാണ്. കൊല്ലപ്പെട്ട ചിലരുടെ തലകള്‍ ഐഎസ് തട്ടിക്കളിക്കുന്നതിന്റെ ഫോട്ടോയും കിട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സിറിയയിലെ ഹമാ പ്രവിശ്യയില്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്നതിന്റെ വീഡിയോയും ഐഎസ് ഭീകരര്‍ ഇന്നലെ പുറത്തുവിട്ടു.വ്യഭിചാരക്കുറ്റം ആരോപിച്ചാണ് ശിക്ഷ നല്‍കിയത്. പിതാവു തന്നെ മകളെ വധസ്ഥലത്തേക്കു കൊണ്ടുപോകുന്നതും ഐഎസ് ഭീകരര്‍ അവളെ കല്ലെറിഞ്ഞുകൊല്ലുന്നതും അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

സിറിയയിലെ റാഖായില്‍ ജൂലൈയില്‍ വ്യഭിചാരക്കുറ്റത്തിന് രണ്ടു സ്ത്രീകളെ ഇപ്രകാരം കല്ലെറിഞ്ഞുകൊല്ലുകയുണ്ടായി. സിറിയയിലും ഇറാക്കിലും ഏറെ സ്ഥലങ്ങള്‍ പിടിച്ച് ഖാലിഫേറ്റ് പ്രഖ്യാപിച്ച ഐഎസ് തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കര്‍ക്കശ നിയമങ്ങള്‍ നടപ്പാക്കിവരികയാണ്.


ഇതിനിടെ, സിറിയയില്‍ 60 വനിതകളുടെ സദാചാര പോലീസ് സംഘത്തെ ഐഎസ് വിന്യസിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ശരിയത്ത് പാലിക്കാത്ത വനിതകളെ നേരിടുകയാണ് ഈ സായുധ സംഘത്തിന്റെ ദൌത്യം. ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്തുന്നവരുടെയും ആണ്‍തുണയില്ലാതെ തെരുവില്‍ നടക്കുന്നവരെയും സംഘം തല്ലിച്ചതയ്ക്കുകയും കസ്റഡിയിലെടുക്കുകയും ചെയ്യും.

ഇതേസമയം, സുന്നി വിമത ഗ്രൂപ്പായ ഐഎസിനെതിരേ ഇറാക്ക് സൈന്യം നടത്തുന്ന പോരാട്ടത്തിന് ഇറാന്റെ പിന്തുണ എന്നുമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉറപ്പു നല്‍കി. ടെഹ്റാനില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാക്ക് പ്രധാനമന്ത്രി അല്‍ അബാദിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പു നല്‍കിയത്. സുന്നി ഭീകരര്‍ക്ക് എതിരേ ശക്തമായ നടപടിക്കു മുതിരാത്ത അമേരിക്കയെ റുഹാനി വിമര്‍ശിച്ചു. ഇറാക്കിലേക്ക് സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കുമെന്നും ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയിലും ബാഗ്ദാദ് പ്രാന്തത്തിലും ഐഎസും സൈന്യവും തമ്മില്‍ നിരന്തര പോരാട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.