രാജിസാധ്യത തള്ളാതെ മാര്‍പാപ്പ
രാജിസാധ്യത തള്ളാതെ മാര്‍പാപ്പ
Wednesday, August 20, 2014 10:45 PM IST
വത്തിക്കാന്‍സിറ്റി: തനിക്കു രണ്േടാ മൂന്നോ വര്‍ഷം കൂടിയേ ആയുസുണ്ടാകാന്‍ സാധ്യതയുള്ളൂ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അതിനു മുന്‍പു രാജിവയ്ക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.

ദക്ഷിണകൊറിയയില്‍നിന്നു മടങ്ങുംവഴി വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി കുശലം പറയുമ്പോഴാണ് എഴുപത്തേഴുകാരനായ മാര്‍പാപ്പ മനസുതുറന്നത്. ഇതാദ്യമാണ് അദ്ദേഹം തന്റെ മരണസാധ്യതയെപ്പറ്റി പരസ്യമായി പറയുന്നത്.

മാര്‍പാപ്പയുടെ ആഗോള ജനപ്രീതിയെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ഔദാര്യമായാണു ഞാനിതിനെ കാണുന്നത്. എന്റെ പാപങ്ങളെയും തെറ്റുകളെയും ഓര്‍മിക്കാനും അഹങ്കരിക്കാതിരിക്കാനുമാണു ഞാന്‍ ശ്രമിക്കുന്നത്. കാരണം ഇതു കുറച്ചുകാലത്തേക്കേ ഉണ്ടാകൂ എന്ന് എനിക്കറിയാം. രണ്േടാ മൂന്നോ വര്‍ഷം, അതിനകം ഞാന്‍ പിതാവിന്റെ ഭവനത്തിലേക്കു പോകും അദ്ദേഹം പറഞ്ഞു.

തന്റെ ജനപ്രീതി തുടക്കത്തില്‍ അമ്പരപ്പിച്ചെങ്കിലും ഇപ്പോള്‍ സാധാരണപോലെ കൈകാര്യം ചെയ്യാനാകുന്നുണ്െടന്നും മാര്‍പാപ്പ വിശദീകരിച്ചു. പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സ്രഷ്ടാവിന്റെ പക്കലേക്കു പോകുന്നതിനെപ്പറ്റി മാര്‍പാപ്പ അടുപ്പക്കാരോടു സംസാരിച്ചിട്ടുള്ളതായി വത്തിക്കാനിലെ ചിലര്‍ പറഞ്ഞു.


മുന്‍ഗാമിയായ ബനഡിക്ട് പതിനാറാമനെപ്പോലെ സ്ഥാനമൊഴിയാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ചില ദൈവശാസ്ത്രജ്ഞര്‍ക്ക് ഇഷ്ടപ്പെടില്ലെങ്കിലും രാജി ഒരു സാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. 60 വര്‍ഷം മുമ്പ് മെത്രാന്മാര്‍ വിരമിക്കുന്നതു കേട്ടിട്ടില്ല, പക്ഷേ ഇപ്പോള്‍ അതു സാധാരണമാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ബനഡിക്ട് പതിനാറാമന്‍ ഒരു വാതില്‍ തുറന്നിട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കു ചില നാഡീപ്രശ്നങ്ങള്‍ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി. അതിനു ചികിത്സവേണം, ദിവസ വും മേറ്റ് (അര്‍ജന്റീനക്കാര്‍ ഉന്മേഷത്തിനുപയോഗിക്കുന്ന ഒരു തേയിലക്കൂട്ട്) നല്കണം.

1980-ല്‍ എല്‍ സാല്‍വദോറിലെ ഭരണകൂടം വെടിവച്ചുകൊന്ന സാന്‍ സാല്‍വദോര്‍ ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേറോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു വഴിയൊരുക്കിയതായും മാര്‍പാപ്പ അറിയിച്ചു. വിമോചന ദൈവശാസ്ത്രജ്ഞനായതുകൊണ്ട് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കു വിശ്വാസ തിരുസംഘം ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി അദ്ദേഹം പറഞ്ഞു. റൊമേറോയുടെ നടപടികള്‍ വേഗം നീങ്ങേണ്ടതാവശ്യമാണെന്നു മാര്‍പാപ്പ അറിയിച്ചു. റൊമേറോ ദൈവത്തിന്റെ മനുഷ്യനാണെന്നും വിശേഷിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.