സിറിയയില്‍ ആര്‍ച്ച്ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയി,വിട്ടയച്ചു
സിറിയയില്‍ ആര്‍ച്ച്ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയി,വിട്ടയച്ചു
Wednesday, April 24, 2013 11:17 PM IST
ഡമാസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ആലപ്പോയില്‍ രണ്ട് ഓര്‍ത്തഡോക്സ് ആര്‍ച്ച്ബിഷപ്പുമാരെ വിമതര്‍ തട്ടിക്കൊണ്ടുപോയി. ഇവരുടെ കാര്‍ ഓടിച്ചിരുന്ന ഡീക്കനെ അക്രമികള്‍ വധിച്ചു. പിന്നീട് ആര്‍ച്ച് ബിഷപ്പുമാരെ വിട്ടയച്ചതായി അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്ച്ബിഷപ് യോഹന്ന ഇബ്രാഹിം, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്ച്ബിഷപ് ബൌലോസ് യസീഗി എന്നിവരെയാണു തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി വിട്ടയച്ചു. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ പോരാടുന്ന വിമതരാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു വിമതര്‍ വ്യക്തമാക്കിയിരുന്നു. ആരാണ് ഇതിനു പിന്നിലെന്ന് അന്വേഷിച്ചുവരുകയാണെന്നും ആര്‍ച്ച്ബിഷപ്പുമാരുടെ മോചനത്തിനായി അസാദ് ഭരണകൂടം ഉള്‍പ്പെടെ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും ആലപ്പോയിലെ വിമതസൈനികരുടെ നേതാവായ കേണല്‍ അബ്ദല്‍ ജബ്ബാര്‍ ഒക്വായ്ദി പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ബാബ് അല്‍ഹവാ ക്രോസിംഗില്‍നിന്ന് ആലപ്പോയിലേക്കു ആര്‍ച്ച്ബിഷപ്പുമാര്‍ കാറില്‍ മടങ്ങുമ്പോഴാണ് ഒരുസംഘം ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വധിച്ചതും ആര്‍ച്ച്ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയതും. ആലപ്പോയിലെ കഫാര്‍ ഗ്രാമത്തിലാണു സംഭവം. നേരത്തേ അക്രമികള്‍ തട്ടിക്കൊണ്ടുപോയ രണ്ടു വൈദികരുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് ആര്‍ച്ച്ബിഷപ്പുമാര്‍ ബാബ് അല്‍ഹവാ മേഖലയിലെത്തിയതെന്നു പറയപ്പെടുന്നു.


ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് യുഹാന യസീഗിയുടെ സഹോദരനാണ് ആര്‍ച്ച്ബിഷപ് യസീഗി.ആര്‍ച്ച്ബിഷപ് യോഹന്ന ഇബ്രാഹിം പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

സിറിയയില്‍ വിമതര്‍ പിടിമുറുക്കിത്തുടങ്ങിയതോടെ ജനസംഖ്യയുടെ പത്തു ശതമാനംവരുന്ന ന്യൂനപക്ഷ ക്രിസ്ത്യാനികള്‍ വന്‍ഭീഷണിയിലാണ്. ന്യൂനപക്ഷങ്ങളോടു കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്ന അസാദ് ഭരണകൂടത്തെയാണു ക്രിസ്ത്യന്‍ സമുദായം പിന്തുണയ്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.