തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
Tuesday, May 14, 2024 1:57 AM IST
കൊച്ചി: ചൂടുപിടിച്ച തെരഞ്ഞെടുപ്പുകാലത്ത് വരച്ച രസകരമായ കാർട്ടൂണുകൾ പ്രദർശനത്തിനെത്തുന്നു. പല വീക്ഷണകോണുകളിൽക്കൂടി തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ട കാർട്ടൂണിസ്റ്റുകളുടെ രചനകൾ ചിരിയും ചിന്തയും സമ്മാനിക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ കൊച്ചി മേയർ എം. അനിൽകുമാർ “ഇലക്ടൂണ്‍സ് 2024’’ ദ്വിദിന ഇലക്ഷൻ കാർട്ടൂണ്‍ പ്രദർശനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് എറണാകുളം ജില്ലയിൽ വരുന്ന മൂന്ന് പാർലമെന്റ് മണ്ഡലങ്ങളായ കോട്ടയം, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചരണസമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കും.
പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കേരള കാർട്ടൂണ്‍ അക്കാദമി അംഗങ്ങൾ വരച്ച കാർട്ടൂണുകളുടെ പ്രദർശനമാണ് എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിക്കുന്നത്. ഇന്നും നാളെയും രാവിലെ പത്തു മുതൽ വൈകുന്നേരം ഏഴുവരെയാണ് പ്രദർശനം.
വളരെ ആവേശപൂർവം കേരളത്തിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കേരള കാർട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ തെരഞ്ഞെടുത്ത 75 കാർട്ടൂണുകളാണ് പ്രദർശനത്തിൽ ഉണ്ടാകുക.
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. അശോകൻ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് കാർട്ടൂണുകൾ തെരഞ്ഞെടുത്തത്.
നാളെ വൈകുന്നേരം അഞ്ചിന് കേരള കാർട്ടൂണ്‍ അക്കാദമി അംഗമായിരുന്ന അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് പി. രവീന്ദ്രന്റെ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണച്ചടങ്ങും നടക്കും.
ഡോ. സെബാസ്റ്റ്യൻ പോൾ അനുസ്മരണപ്രഭാഷണം നടത്തും. പി. രവീന്ദ്രന്റെ തെരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനവും ഇന്നും നാളെയും ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും.