ഫാ. കുറ്റിക്കൽ പ്രത്യാശയുടെ പ്രകാശം പകർന്ന താപസവര്യൻ: മാർ ആലഞ്ചേരി
Thursday, December 21, 2017 3:30 PM IST
കൊച്ചി: അനേകം ജീവിതങ്ങൾക്കു പ്രത്യാശയുടെ പ്രകാശം പകർന്ന താപസവര്യനാണ് അന്തരിച്ച ഫാ. ജോർജ് കുറ്റിക്കലെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന പ്രസ്ഥാനത്തിലൂടെ അഗതികളും നിരാലംബരുമായ ആയിരക്കണക്കിനു സഹോദരങ്ങളെ പുതുജീവിതത്തിലേക്കു നയിക്കാൻ അദ്ദേഹത്തിനായി.
ദൈവത്തെപ്രതി പ്രേഷിത തീക്ഷ്ണതയിൽ ജ്വലിച്ചു പ്രവർത്തിച്ച അപൂർവ വ്യക്തിത്വമായിരുന്നു ഫാ.കുറ്റിക്കലിന്റേത്. അപരനു വേണ്ടി കത്തിജ്വലിക്കുന്ന വിളക്കായി പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം ചേർന്ന് അവർക്കായി നടത്തിയ ശുശ്രൂഷകൾ പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം ചെറുതല്ല. ജാതിമതഭേദമെന്യേ എല്ലാവർക്കും കുറ്റിക്കലച്ചന്റെ സ്നേഹവും കരുതലും സാന്ത്വനവും ലഭിച്ചു.
പാവങ്ങളെ തന്നോടു ചേർത്തുനിർത്തുന്പോൾ ദൈവത്തെയാണു ദർശിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാവങ്ങളുടെ പക്ഷം ചേരാനുള്ള കത്തോലിക്കാസഭയുടെ ദൗത്യത്തിനു ഫാ. കുറ്റിക്കലിന്റെയും ആകാശപ്പറവകളുടെ കൂട്ടുകാരുടെയും പ്രവർത്തനങ്ങൾ അർഥപൂർണത നൽകി.
നിരാലംബരെ പരിപാലിക്കുന്ന ദൈവിക ശുശ്രൂഷ നിർവഹിക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേഷിത മനസുകളെ രൂപപ്പെടുത്തുന്നതിലും ഫാ. കുറ്റിക്കൽ പങ്കുവഹിച്ചു.
സഭയ്ക്കും സമൂഹത്തിനും കനത്ത നഷ്ടമാണു ഫാ. ജോർജ് കുറ്റിക്കലിന്റെ നിര്യാണമെന്നും കർദിനാൾ അനുസ്മരിച്ചു.