രാജസ്ഥാനിൽനിന്നു പറന്നെത്തിയ ആകാശപ്പറവകൾ
Wednesday, December 20, 2017 3:24 PM IST
കൊച്ചി: "കാലിത്തൊഴുത്തിലേ എന്നെ കാണാനാകൂ, കാലിത്തൊഴുത്തിൽ ഇരുന്നേ എന്നെ പറഞ്ഞുകൊടുക്കാനാവൂ...’ മനുഷ്യനിൽ ദൈവത്തിന്റെ മുഖം കണ്ട മനുഷ്യസ്നേഹിയായ കുറ്റിക്കലച്ചൻ തന്റെ ഹൃദയത്തിലെഴുതിയ കവിതയാണിത്. വൈദിക ജീവിതത്തിന്റെ വിശുദ്ധമായ വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞൊരു ക്രിസ്മസ് രാവിൽ പുൽക്കൂട്ടിലെ തന്പുരാന്റെ മുന്നിൽനിന്നു കേട്ടെഴുതിയ കവിത.
ജീവിതത്തിന്റെ അതിരുകളിലേക്ക് അകറ്റിനിർത്തപ്പെട്ടവരെയും ദുർഗന്ധം വമിക്കുന്ന ശരീരവും തകർന്ന മനസുമായി തെരുവുപോലും തള്ളിയവരെയും കൂടപ്പിറപ്പിനെപ്പോലെ മാറോടു ചേർക്കാൻ, സ്നേഹത്തോടെ ചുംബിക്കാൻ, ഹൃദ്യതയോടെ ആദരിക്കാൻ, സ്വന്തമെന്നപോലെ പരിചരിക്കാൻ, അങ്ങനെയവരെ പുതിയ മനുഷ്യരാക്കാൻ... അതാണു തന്റെ ദൗത്യമെന്നു തിരിച്ചറിഞ്ഞ 1979ലെ ക്രിസ്മസ് രാവ്.
ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്ന്യസ്ത സമൂഹാംഗമായ ഫാ. കുറ്റിക്കൽ ആലുവയിലെ സ്റ്റഡി ഹൗസിൽ പ്രൊക്യുറേറ്ററായിരിക്കുന്പോൾ, മുപ്പത്തടം ഹോളി ഏഞ്ചൽസ് പള്ളിയിലും ശുശ്രൂഷയ്ക്കു പോകുമായിരുന്നു. 1979ൽ ക്രിസ്മസ് ദിനത്തിലെ പാതിരാക്കുർബാന അർപ്പിക്കുന്പോഴാണ് ദൈവികമായ ഓർമപ്പെടുത്തലെന്നോണം പുതുദർശനം മനസിൽ പതിഞ്ഞതെന്നു കുറ്റിക്കലച്ചൻ ഒരിക്കൽ പറഞ്ഞിരുന്നു.
ചേരിയിലെ കണ്ണീർതുള്ളി
ചേരിയിലെ ചെറ്റക്കുടിലിൽ സമൂഹം മാറ്റിനിർത്തിയ ദരിദ്രയായ സ്ത്രീയെ സഹായിച്ചായിരുന്നു തുടക്കം. ക്രിസ്മസ് നാളിൽ മറ്റൊരാൾക്കൊപ്പം ആ കുടിലിലെത്തിയ അച്ചൻ, കൊണ്ടുവന്ന ഭക്ഷണം സ്ത്രീക്കും രണ്ടു മക്കൾക്കും പങ്കുവച്ചു നൽകി. ആ നിമിഷം അവളിൽനിന്നുതിർന്ന കണ്ണീരിൽ, ജീവിക്കുന്ന ഈശോയെ താൻ ദർശിച്ചുവെന്നു കുറ്റിക്കലച്ചൻ പറഞ്ഞിട്ടുണ്ട്.
തുടർന്ന് എത്രയോ തവണ ചേരികളിലും ഭിക്ഷാടകർക്കുമൊപ്പം. ചേരികളിലെ കുടിലിൽ താമസിക്കാനുള്ള ആഗ്രഹത്തിന് ആദ്യഘട്ടത്തിൽ അനുവാദം ലഭിച്ചില്ലെങ്കിലും മനസുകൊണ്ട്, കുറ്റിക്കലച്ചന്റെ ശുശ്രൂഷ പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമായിക്കഴിഞ്ഞിരുന്നു. ശേഷം തീക്ഷ്ണമായ പ്രാർഥനയുടെയും തപസിന്റെയും നാളുകളായിരുന്നു.
ആകാശപ്പറവകൾ
തുടർച്ചയായ അന്പത്തിയൊന്നു ശനിയാഴ്ചകളിൽ രാത്രി മുഴുവൻ ജാഗരണ പ്രാർഥന, പതിനെട്ടു മാസത്തോളം മാസത്തിലൊരിക്കൽ മലയാറ്റൂർ തീർഥാടനവും ജാഗരണപ്രാർഥനയും, ആറു മാസക്കാലം വിവിധ കുടുംബങ്ങളിൽ അഖണ്ഡ ജപമാലകൾ... ആകാശപ്പറവകളുടെ കൂട്ടുകാരുടെ മുന്നേറ്റത്തിനു വഴിയൊരുക്കാൻ ഒരുക്കങ്ങളേറെയായിരുന്നു.
1983ൽ രാജസ്ഥാനിലെ ഭരത്പുർ പക്ഷിസങ്കേതത്തിലെ സന്ദർശനമാണ് ആകാശപ്പറവകൾ എന്ന പേര് മനസിൽ പതിയാൻ നിമിത്തമായത്. പക്ഷികളെപ്പോലും ഇത്ര കൃത്യമായി പരിഗണിക്കുന്ന നാം, ദേശാടനപ്പക്ഷികളെപ്പോലെ തെരുവിലലയുന്ന ജീവിതങ്ങൾക്കും ഭിക്ഷാടകർക്കും ഈ കരുതലെങ്കിലും നൽകാത്തതെന്ത് എന്ന ചിന്തയായിരുന്നു അച്ചന്റെ മനസിനെ അസ്വസ്ഥമാക്കിയത്. ഈ ചിന്ത ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന മുന്നേറ്റത്തിനു തുടക്കം കുറിക്കാൻ പ്രേരണയാവുകയായിരുന്നു. തെരുവിലലയുന്നവരെ അച്ചൻ ആകാശപ്പറവകൾ എന്നു സ്നേഹപൂർവം വിളിച്ചു.
തുടക്കം ചെന്നായിപ്പാറയിൽ
തൃശൂർ പീച്ചിക്കടുത്ത് ചെന്നായിപ്പാറയിൽ 1994 ജനുവരി 18ന് ആകാശപ്പറവകൾക്കായി ആദ്യകേന്ദ്രം തുറന്നപ്പോൾ ഉദ്ഘാടകയായി എത്തിയതു വിശുദ്ധ മദർ തെരേസ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തിലധികം ആകാശപ്പറവകൾ ഉദ്ഘാടനത്തിനെത്തി.
12 പേർക്ക് അഭയമൊരുക്കി ആരംഭിച്ച ചെന്നായിപ്പാറയിലെ കേന്ദ്രത്തിൽ ഇന്നു 450ഓളം ആകാശപ്പറവകൾ സന്തോഷത്തോടെ ജീവിക്കുന്നു.
അന്ത്യവിശ്രമം കടുവാക്കുളത്ത്
നാളെ രാവിലെ 6.30ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മലയാറ്റൂരിലെ ആശ്രമത്തിൽ ദിവ്യബലിയർപ്പിക്കും. ശനിയാഴ്ച രാവിലെ 9.30നു കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിനോടു ചേർന്നുള്ള ചെറുപുഷ്പ ദേവാലയത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗത്തു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. തുടർന്നു സമൂഹബലിയിൽ കല്യാണ് ബിഷപ് മാർ തോമസ് ഇലവനാൽ മുഖ്യകാർമികനാകും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൻ വചനസന്ദേശം നൽകും. വിവിധ മെത്രാന്മാരും എംസിബിഎസ് സുപ്പീരിയർ ജനറൽ ഫാ. ജോസഫ് മലേപ്പറന്പിൽ ഉൾപ്പെടെ നിരവധി വൈദികരും സഹകാർമികരാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആകാശപ്പറവകളുടെ ആശ്രമങ്ങളിലെ ശുശ്രൂഷകരും അന്തേവാസികളും ഫാ. കുറ്റിക്കലിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തും.
സിജോ പൈനാടത്ത്