കുറ്റിക്കലച്ചൻ വിളിച്ചു, മദർ തെരേസ വന്നു
Wednesday, December 20, 2017 3:24 PM IST
കോൽക്കത്തയുടെ അഴുക്കുചാലുകളിൽ ഉപേക്ഷിപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ വാരിയെടുത്ത് തോൾമാറാപ്പിലിട്ടു തിടുക്കത്തിൽ നടന്നുപോയ മദർ തെരേസ. ശിശുഭവനിൽ ഈ കുഞ്ഞുങ്ങളെ കൈവെള്ളയിൽ ലാളിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാർ. ജോർജ് കുറ്റിക്കലച്ചന്റെ കാരുണ്യഹൃദയം ഈ കാഴ്ചകളിലൊക്കെ ജ്വലിക്കുകയായിരുന്നു. മദർ തെരേസയുടെ അനുപമമായ ശുശ്രൂഷകളാണ് അദ്ദേഹത്തെ തെരുവോര മക്കളുടെ കരുതലിനും കാവലിനും പ്രേരിപ്പിച്ചത്.
1994ൽ തൃശൂർ പീച്ചിക്കടുത്ത് ചെന്നായിപ്പാറയിൽ ആകാശപ്പറവകളുടെ ആദ്യഭവനം തുറന്ന വേളയിൽ കുറ്റിക്കലച്ചനു തീവ്രമായ ആഗ്രഹം. ഉദ്ഘാടനം ചെയ്യാൻ മദർ തെരേസയെ എങ്ങനെയും ചെന്നായിപ്പാറയിൽ കൊണ്ടുവരണം. പേസ് മേക്കറും കൈത്താങ്ങുമായി കോൽക്കത്തയിലെ മദർ ഹൗസിൽ മാത്രം മുഴുകിയിരുന്ന മദർ തെരേസ ഒരു അഗതിമന്ദിരം ഉദ്ഘാടനം ചെയ്യാൻ തൃശൂർ വരെ എത്തുമോ എന്ന് പലരും അച്ചനോടു ചോദിച്ചു. മദറിനെ ഇക്കാര്യത്തിന് ക്ഷണിക്കാൻ പോയിട്ട് യാതൊരു കാര്യവുമില്ലെന്ന് ഏറെപ്പേരും പറഞ്ഞെങ്കിലും അച്ചന്റെ മനസിൽ നിറയെ പ്രത്യാശയായിരുന്നു.
കോൽക്കത്തയിലേക്ക്
തൃശൂർ ആർച്ച്ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ശിപാർശക്കത്തുമായി ജോർജ് കുറ്റിക്കലച്ചൻ കോൽക്കത്തയിലേക്കു വണ്ടി കയറി. കോൽക്കത്ത റിപ്പണ് സ്ട്രീറ്റിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാന ഭവനത്തിലെത്തുന്പോൾ മദർ തെരേസ എവിടേക്കോ യാത്ര പോകാനുള്ള വലിയ തിരക്കിലായിരുന്നു. നീലക്കരയുള്ള തോൾസഞ്ചിയുമായി അഗതികളുടെ അമ്മ ഇറങ്ങിവരുന്പോൾ കുറ്റക്കലച്ചൻ വാതിൽക്കൽ കൈകൾ കൂപ്പി നിന്നു.
കേരളത്തിൽനിന്നു വരികയാണ്. അമ്മയെ ഒന്നു കാണാൻ - അച്ചൻ പറഞ്ഞു.
അച്ചനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയ മദർ കാര്യം തിരക്കി. തൃശൂരിൽ തെരുവോരമക്കളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമായി ഒരു ഭവനം തുറക്കാൻ ആഗ്രഹിക്കുന്നു. അമ്മ വന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്ത് അനുഗ്രഹിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ വന്നത്. അഭ്യർഥനയ്ക്കൊപ്പം മാർ ജോസഫ് കുണ്ടുകുളത്തിന്റെ കത്ത് വായിച്ച മദർ തെരേസ പറഞ്ഞു. തീർച്ചയായും കേരളത്തിലേക്കു വരാം. മദർ തെരേസ പേഴ്സണൽ സെക്രട്ടറി സിസ്റ്ററിനെ വിളിച്ചു മാർ ജോസഫ് കുണ്ടുകുളത്തിനുള്ള മറുപടിക്കത്തു തയാറാക്കിക്കൊടുത്ത് കൈനിറയെ സമ്മാനങ്ങളുമായാണ് ജോർജ് കുറ്റിക്കലച്ചനെ യാത്രയാക്കിയത്.
അഗതികളുടെ അമ്മ ദീപം തെളിച്ചു
അങ്ങനെ 1984 ജനുവരി 18ന് ജനാവലിയുടെയും കെ. കരുണാകരൻ ഉൾപ്പെടെ അതിഥികളുടെയും സാന്നിധ്യത്തിൽ ആകാശപ്പറവകളുടെ ആദ്യഭവനം അഗതികളുടെ അമ്മ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുറ്റിക്കലച്ചനുമായി അന്നു തുടങ്ങിയ മദർ തെരേസയുടെ അടുപ്പം അച്ചന്റെ ആത്മീയ ശുശ്രൂഷകളിൽ പിൽക്കാലത്തുടനീളം കരുത്തും കരുതലുമായി. പിന്നീടൊരിക്കൽക്കൂടി കോൽക്കത്തയിൽ മദർ ഹൗസ് സന്ദർശിച്ച് ഒരുമിച്ച് ദിവ്യബലിയിൽ പങ്കെടുക്കാനും മദറിന്റെ അനുഗ്രഹങ്ങൾ വാങ്ങാനും അച്ചന് അവസരമുണ്ടായി.
മുറിവുകൾ വച്ചുകെട്ടി
അഴുക്കുചാലിൽ ഈച്ചയാർക്കുന്ന വഴിയോരമക്കളെ താങ്ങിയെടുത്തു വ്രണം കഴുകി മുറിവുകൾ വച്ചുകെട്ടാനുള്ള മനസ്. കുളിപ്പിക്കാനും ഉടുപ്പിക്കാനും മാത്രമല്ല ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള കാരുണ്യം. തീരുന്നില്ല, അവരുടെ മനസുകളെ വിശുദ്ധീകരിക്കാൻ താളംതെറ്റിയവരുടെ ശിരസും പാദങ്ങളും ചുംബിക്കാനുള്ള ആർദ്രത.
ഓരോ അനാഥരിലും നമുക്ക് ക്രൂശിതനായ ക്രിസ്തുവിനെ ദർശിക്കാം. ഓരോ കിടക്കയും ഓരോ ബലിപീഠമാക്കി മാറ്റാം- അച്ചൻ ഇതു പ്രഘോഷിച്ചതിനൊപ്പം പ്രവൃത്തിക്കുകകൂടി ചെയ്തപ്പോൾ ഒട്ടേറെപ്പേർ കാരുണ്യത്തിന്റെ ശുശ്രൂഷകരാകാൻ മുന്നോട്ടുവന്നു. ആദ്യമൊക്കെ വിമർശിച്ചവരും മുഖംതിരിച്ചവരും മനസുമാറി അച്ചന്റെ കൂട്ടായ്മയിൽ പങ്കാളികളായിമാറി.
ചാക്കുകൊണ്ടു കുപ്പായം
ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന സമർപ്പിത ശുശ്രൂഷകരുടെ കൂട്ടായ്മയ്ക്ക് അച്ചൻ രൂപം നൽകുന്പോൾ അവർക്ക് സ്വന്തം പാദത്തോളം ആഴത്തിൽ ആർദ്രതയും ശിരസോളം ഉയരത്തിൽ കരുണയും ഉള്ളവരാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു, പരിശീലിപ്പിച്ചു. ചാക്കുകൊണ്ട് കുപ്പായം തുന്നി, ശിരസ് മുണ്ഡനം ചെയ്ത്, ചെരിപ്പിടാതെ ഒരുപറ്റം സഹോദരൻമാരും സഹോദരിമാരും അച്ചനു പിന്നിൽ സമർപ്പിത സന്യസ്തരായി അണിചേർന്നു.
ഒരിക്കൽ അനാഥനായ ഒരു കുഞ്ഞ് ഈ സമൂഹത്തിലെ ഒരു സഹോദരിക്കു മുന്നിൽ നടത്തിയ യാചന അകത്തെ മുറിയിൽ ഇരുന്ന ഡയറക്ടർ കുറ്റിക്കലച്ചൻ കേൾക്കാനിടയായി. "തെരുവിൽ അമ്മ പ്രസവിച്ച് ഉപേക്ഷിച്ചുപോയ എനിക്ക് നിങ്ങൾ മാത്രമേ സ്വന്തമായുള്ളു. ഞാൻ സിസ്റ്ററിനെ അമ്മേ എന്നു വിളിച്ചോട്ടെ.’ ആ കുഞ്ഞുമകളുടെ യാചന കേട്ട കുറ്റിക്കലച്ചൻ കുട്ടിയെപ്പോലെ ഉറക്കെ കരഞ്ഞുകൊണ്ട് പുറത്തിറങ്ങിവന്ന് ആ കുഞ്ഞിനെ വാരിയെടുത്തു ചുംബിച്ചു.
ഇന്നു മുതൽ നമ്മുടെ അഗതിഭവനങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരായ പുരുഷൻമാർ അപ്പനെന്നും സഹോദരിമാർ അമ്മയെന്നും വിളിക്കപ്പെടണം. അങ്ങനെയാണ് വിയാനിയമ്മയും സിസിലിയാമ്മയും ചെറുപുഷ്പാമ്മയും ഏലിശ്വാമ്മയും ജോസഫപ്പനും ലാസറപ്പനും ഇമ്മാനുവലപ്പനും മാർട്ടിനപ്പനുമൊക്കെ ആകാശപ്പറവകൾക്കുമുന്നിൽ അപ്പന്റെയും അമ്മയുടെയും പ്രതീകങ്ങളായി മാറിയത്. "ഫ്രണ്ട്സ് ഓഫ് ദ ബേർഡ്സ് ഓഫ് ദ എയർ' അഥവാ ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടന്പടിയുടെ പുത്രന്മാർ, പുത്രിമാർ എന്നറിയപ്പെടുന്ന ഈ സമർപ്പിത സഹോദരങ്ങൾ ഒട്ടേറെ കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.
സ്നേഹച്ചങ്ങല
വലിപ്പച്ചെറുപ്പമില്ലാത്ത വലിയൊരു സ്നേഹച്ചങ്ങലയാണ് ആകാശപ്പറവകളെ പരിപാലിക്കുന്നവരുടെ ദേശീയ കൂട്ടായ്മ. അതിസന്പന്നനും പരമദരിദ്രനും നിരക്ഷരരും വിദ്യാസന്പന്നനുമൊക്കെ ഒന്നു ചേർന്ന് ഇവിടെ മനോരോഗിയെ കുളിപ്പിക്കുന്നു, മതം നോക്കാതെ സംരക്ഷിക്കുന്നു. വലിയ നോന്പുകാലത്തു വർഷങ്ങളോളം പാലായിൽനിന്നു കോട്ടയത്തേക്ക് ആകാശപ്പറവകൾക്കൊപ്പം കുറ്റിക്കലച്ചൻ മുടങ്ങാതെ കുരിശിന്റെ വഴി തീർഥയാത്ര നടത്തിയിരുന്നു.
ടാർ റോഡിൽ ചെരുപ്പു ധരിക്കാതെ, വെള്ളം കുടിക്കാതെ ഒരു പകൽ പൊരിവെയിലിൽ കുരിശു കൈയിലേന്തി നടന്നു നീങ്ങിയിരുന്ന കുറ്റിക്കലച്ചൻ. പ്രമേഹവും പ്രഷറും കാഴ്ചയ്ക്കു മങ്ങലും ശാരീരികപീഡകളും ഏറെ അലട്ടിയിരുന്ന വേളയിലും സഹനത്തിന്റെ കുരിശുമായി മുന്നിൽനിന്നു മായാത്ത ചിരിയോടെ പരിഹാരപ്രദക്ഷിണം നയിച്ചുവന്ന കുറ്റിക്കലച്ചനോട് ഒരിക്കൽ ലേഖകൻ ചോദിച്ചു.’ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഈ വലിയ ശുശ്രൂഷ ചെയ്യാൻ അച്ചന് സാധിക്കുന്നതെങ്ങനെയാണ്?’
മായാത്ത ചിരി
ഒച്ചപ്പാടുള്ള പതിവു ചിരിയോടെ അച്ചൻ ഉറക്കെ പറഞ്ഞു.’ ദൈവം നടത്തുന്നു. ദൈവം പോറ്റുന്നു. വീഴുംവരെ നടക്കാൻ ദൈവം ശക്തിതരും. ദൈവം തരുന്നതല്ലാതെ മറ്റൊന്നുമില്ലല്ലോ. വീൽചെയറിൽ ജീവിക്കുന്നവരും കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്തവരുമൊക്കെ നമുക്കു ചുറ്റുമില്ലേ.
അവരെക്കാൾ നാമൊക്കെ അനുഗ്രഹീതരായിരിക്കെ, വയ്യാത്തവർക്കും വേദനിക്കുന്നവർക്കും നാം താങ്ങായി മാറണം’. സ്നേഹത്തിന്റെ ആൾരൂപവും ലാളിത്യത്തിന്റെ മാതൃകയുമായിരുന്നു ജോർജ് കുറ്റിക്കലച്ചൻ. കഴുത്തിലെ വലിയ കൊന്തയും ദീർഘമായ ദീക്ഷയും കാവിവേഷവും ആർദ്രതയുടെ അലങ്കാരമില്ലാത്ത അടയാളങ്ങളായി അച്ചൻ ധരിച്ചുപോന്നു. അടുത്തുവന്നവരെയൊക്കെ നിറഞ്ഞ ചിരിയോടെ മകനേ എന്നും മകളേ എന്നും വിളിച്ച് നെറ്റിയിലും മൂർധാവിലും ചുംബിച്ച് ഈശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്ന അച്ചൻ. അതിനപ്പുറം തെരുവോരമക്കളുടെ പാദങ്ങൾ കഴുകി ചുംബനം നൽകുന്ന വലിയ സമറായനെയാണ് ലോകത്തിനു നഷ്ടമായത്.
റെജി ജോസഫ്