ഇറച്ചി ആൽബിനെ "മനുഷ്യനാക്കിയ’കുറ്റിക്കലച്ചൻ
Wednesday, December 20, 2017 3:24 PM IST
അന്പലപ്പുഴ: ആകാശപ്പറവകളുടെ കൂട്ടുകാരൻ ഫാ.ജോർജ് കുറ്റിക്കൽ വിടവാങ്ങിയ വാർത്ത പുന്നപ്ര ശാന്തിഭവനെ തീരാ ദുഃഖത്തിലാഴ്ത്തി. മാനസിക ദൗർബല്യമുള്ള നൂറുകണക്കിനാളുകളെ ബ്രദർ മാത്യു ആൽബിൻ സംരക്ഷിക്കുന്ന കേന്ദ്രമാണ് ശാന്തിഭവൻ.
ആലപ്പുഴ പുറക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളിൽ രണ്ടാമനായ ഫാ. ജോർജ് കുറ്റിക്കലാണ് ഇറച്ചിവെട്ടുകാരനും നിരവധി കൊലക്കേസുകളിൽ പ്രതിയും നാട്ടുകാരുടെ പേടിസ്വപ്നവുമായിരുന്ന മാത്യു ആൽബിനെ മാനസാന്തരപ്പെടുത്തി മനുഷ്യനാക്കി മാറ്റിയത്.
1977ൽ പരോളിലിറങ്ങിയ ആൽബിൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കളമശേരിയിൽ ഒരു കണ്വൻഷനു പോയി. അവിടെ ഫാ. കുറ്റിക്കലിനെ കാണാനിടയായതാണ് ആൽബിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അന്നുതുടങ്ങി തന്റെ ആത്മീയ ഗുരുവായി അദ്ദേഹത്തെ ആൽബിൻ സ്വീകരിച്ചു.
തിരുവനന്തപുരത്തെ തുറന്ന ജയിലിൽ ശാന്തിഭവൻ എന്ന പേരിൽ പ്രാർഥനാലയം ആരംഭിച്ചതും അവിടെ ആദ്യ പ്രാർഥന നയിച്ചതും അച്ചനായിരുന്നു. എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള പ്രാർഥനാലയം എന്ന ആൽബിന്റെ ആഗ്രഹം മനസിലാക്കി ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ അഭ്യർഥനയോടെ കുറ്റിക്കലച്ചൻ സർക്കാരിനു കത്തു നല്കിയതിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽ ശാന്തിഭവൻ ഉയർന്നത്.
തടവറയിൽ അകപ്പെട്ട് ഇനിയെന്തെന്നറിയാതെ നൈരാശ്യം പൂണ്ടവർക്ക് അത്താണിയും പ്രതീക്ഷയും നല്കി അനേകം കുറ്റവാളികൾക്കു ജീവിതത്തിലേക്കു തിരിച്ചു വരാൻ ഇതു വഴിയൊരുക്കി. തൃശൂർ ചെന്നായ്പാറയിൽ മദർ തെരേസ വന്നപ്പോഴും ബ്രദർ മാത്യു ആൽബിനെ കുറ്റിക്കൽ അച്ചൻ മദറിനു പരിചയപ്പെടുത്തിയിരുന്നു. അന്നു കിട്ടിയ ജപമാല പ്രാർഥനയോടെ ബ്രദർ ഇന്നും കാത്തുസൂക്ഷിക്കുന്നു.