വലിച്ചെറിയപ്പെട്ട തുണിക്കെട്ടിലെ ജീവൻ!
Wednesday, December 20, 2017 3:12 PM IST
17 വർഷം മുൻപാണത് സംഭവിച്ചത്. ആകാശപ്പറവകളുടെ പ്രേഷിതർ ജമ്മു കാഷ്മീരിൽ ശുശ്രൂഷയ്ക്കായി കടന്നുചെന്ന കാലം. ഒരു വീടിന്റെ മുകൾനിലയിൽ കിട്ടിയ മുറിയിൽ താമസിച്ചു ജമ്മു മെഡിക്കൽ കോളജ് ആശുപത്രിയിൽ സകലരാലും ഉപേക്ഷിക്കപ്പെട്ട പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ആത്മീയ പിതാവായ ജോർജ് കുറ്റിക്കലച്ചൻ നാട്ടിലേക്കു പോരാൻ ജമ്മു റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ആ കാഴ്ച കാണാനിടയായത്.
ട്രെയിനിലെ കാഴ്ച
നാലു പോലീസുകാർ ഒരു തുണിക്കെട്ട് നാലു വശത്തും പിടിച്ച് അവിടെ കിടന്ന തീവണ്ടിയുടെ ലോക്കൽ കംപാർട്ടുമെന്റിന്റെ ബാത്ത് റൂമിന്റെ വശത്തേക്കു വലിച്ചെറിയുന്നു. അച്ചൻ ഓടി അവിടേക്കു ചെന്നു. റെയിൽവേ സ്റ്റേഷനിൽ അനാഥയായി അലഞ്ഞുതിരിഞ്ഞ ഭിക്ഷാടക മരണാസന്നയായപ്പോൾ പോലീസ് തള്ളിവിടുന്ന കാഴ്ചയായിരുന്നു അത്. അത് അവിടെ പതിവു സംഭവവുമായിരുന്നു.
ഈ അമ്മയെ ഞങ്ങൾ ഏറ്റെടുത്തു കൊള്ളാം. ഞങ്ങൾ ഇവരെ സംരക്ഷിച്ചു കൊള്ളാം. അച്ചന്റെ യാചനയ്ക്കു മുന്നിൽ പോലീസുകാർ അതിനു സമ്മതിച്ചു. അച്ചൻ ഉടൻ മുറിയിൽനിന്ന് ഞങ്ങളുടെ സഹോദരങ്ങളെ വിളിച്ചുവരുത്തി ചോദിച്ചു. മക്കളെ ഒരു പുണ്യവതിയുടെ രൂപം ഞാൻ നിങ്ങൾക്കു തന്നാൽ നിങ്ങൾ സ്വീകരിക്കുമോ. അവർ പറഞ്ഞു സ്വീകരിക്കും. ഇതാ ഞാനിപ്പോൾ ജീവനുള്ള ഒരു മാതാവിനെ നിങ്ങളെ ഏൽപ്പിക്കുകയാണ്. ആകാശപ്പറവകളുടെ സഹോദരങ്ങൾ ആ സ്ത്രീയെ ബാത്ത് റൂമിന്റെ അരികിൽ വെളളം കെട്ടിനിന്ന തറയിൽനിന്നു സന്തോഷത്തോടെ കോരിയെടുത്തു. ഓട്ടോറിക്ഷയിൽ കയറ്റി മുറിയിലെത്തിച്ചു കുളിപ്പിച്ചു വസ്ത്രം ധരിപ്പിച്ച് ജമ്മു മെഡിക്കൽ കോളജിൽ ഡോക്ടറുടെ അരികിലെത്തിച്ചു. മൂന്നു മാസത്തോളം അവരെ ശുശ്രൂഷിച്ച് ആരോഗ്യവതിയാക്കി. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ....
യുപിയിൽനിന്നു നടന്നുവന്നയാൾ
ഒരിക്കൽ മംഗലാപുരത്തുനിന്നു കാസർഗോഡുവഴി കാഞ്ഞങ്ങാട്ടേക്കു വരുകയായിരുന്നു കുറ്റിക്കലച്ചൻ. പുറത്തേക്ക് നോക്കിയപ്പോൾ മധ്യവയസ്കനായ ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം സമനില തെറ്റി എന്തോ ചിന്തയിൽ നടക്കുകയാണ്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ അയാളുടെ ശ്രദ്ധയിലില്ല.
അച്ചൻ വാഹനം നിർത്തി വാത്സല്യത്തോടെ അദ്ദേഹത്തെ വിളിച്ചു വണ്ടിയിൽ കയറ്റി. കാഞ്ഞങ്ങാടുള്ള സ്നേഹാലയത്തിലെ ശുശ്രൂഷയും പരിചരണവും ചികിത്സയും വഴി മാനസികാരോഗ്യം വീണ്ടെടുത്ത അദ്ദേഹം സ്വന്തം വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടപ്പിച്ചു. വീടും നാടും വിലാസവും കൃത്യമായി പറഞ്ഞു.
ഉത്തർപ്രദേശിലെ ബരേലിക്കാരനായ അദ്ദേഹം എട്ട് ഏക്കർ ഭൂമിയുടെ ഉടമയായിരുന്നു. സ്വന്തം കൃഷിയിടത്തിലൂടെ നടക്കുന്പോൾ ലഭിച്ച ഒരു ഫോണ്സന്ദേശം ഏക മകൻ ജമ്മുവിൽവച്ച് അപകടത്തിൽ മരിച്ചു എന്നായിരുന്നു. ആ നിമിഷം സമനില തെറ്റിയ അദ്ദേഹം അവിടെനിന്നു നടക്കാൻ തുടങ്ങിയതാണ്. നടന്നു നടന്നു കാസർഗോഡുവരെ എത്തി. ഞങ്ങളുടെ പരിചരണത്തിൽ സുബോധം വീണ്ടെടുത്തു. ബന്ധുക്കളെത്തിയപ്പോൾ അതിശയം. മരിച്ചെന്നു ധരിച്ച മകനാണ് കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരിക്കുന്നത്.
മരിയ വിയാനിയമ്മ ഡിഇസി (ഫാ. ജോർജ് കുറ്റിക്കൽ സ്ഥാപിച്ച സന്യസ്ത
സമൂഹത്തിന്റെ പിആർഒ)