റിസപ്ഷനിസ്റ്റായ യുവതിയെ കൊന്നു പാറമടയിൽ തള്ളി; യുവാവ് അറസ്റ്റിൽ
റിസപ്ഷനിസ്റ്റായ യുവതിയെ കൊന്നു പാറമടയിൽ തള്ളി; യുവാവ് അറസ്റ്റിൽ
Wednesday, October 19, 2016 1:44 PM IST
തലയോലപ്പറമ്പ്: ആശുപത്രിയിൽ റിസപ്ഷനിസ്റ്റായ ഇരുപത്തി രണ്ടുകാരിയെ കൊലപ്പെടുത്തി പാറമടയിൽ തള്ളിയ കേസിൽ പൊതി സൂരജ്ഭവനിൽ വേലായുധപ്പണിക്കരുടെ മകൻ എസ്.വി. സൂരജിനെ (27) തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാർ പട്ടുമ്മേൽ സുകുമാരന്റെ മകളുമായ സുകന്യ(22)യെയാണ് പാറമടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഗർഭിണിയായിരുന്നു. പോലീസിനോടു കുറ്റസമ്മതം നടത്തിയ സൂരജാണു മൃതദേഹം കാട്ടിക്കൊടുത്തത്.

പൊതി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള റബർ തോട്ടത്തിനുള്ളിലെ പാറമടയിൽ ഇന്നലെ വൈകുന്നേരം നാലിനു സൂരജിനെ എത്തിച്ചു പൊലീസ് തെളിവെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും.

മുമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജും സുകന്യയും തമ്മിൽ കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 12നു ഡ്യൂട്ടിക്കായി സുകന്യ വീട്ടിൽനിന്നു പോയി. പിറ്റേദിവസം വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ, സുകന്യയുമായുള്ള സൂരജിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പോലീസ് ആ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു.

പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 12നു സൂരജ് തലപ്പാറയിൽനിന്നു വാടകയ്ക്ക് എടുത്ത സാൻട്രോ കാറിൽ രാത്രിയോടെ യുവതിയെ പാറമടയ്ക്കു സമീപമുള്ള റബർ തോട്ടത്തിൽ എത്തിച്ചു പീഡിപ്പിച്ച ശേഷം പിറകിൽനിന്നു പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് ഇരുകൈകളും പിന്നിലേക്കാക്കി മൂന്നു വെട്ടുകല്ല് ശരീരത്തിൽ ചേർത്തു കെട്ടി 50 അടിയിലധികം താഴ്ച വരുന്ന പാറമടയിൽ തള്ളുകയായിരുന്നു. സുകന്യയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ സംശയത്തെത്തുടർന്നാണു സൂരജിനെ ചോദ്യംചെയ്തത്. പല കഥകൾ പറഞ്ഞ് ആദ്യം പോലീസിനെ കുഴപ്പിച്ചെങ്കിലും ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചു.


ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് യുവതിയെ കൊന്നു തള്ളിയ പാറമട പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ഏഴു ദിവസം പഴകിയ യുവതിയുടെ മൃതദേഹം പാറമടയിൽ ഈ സമയം പൊങ്ങിക്കിടക്കുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

നേരത്തേ ഇതേ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന സൂരജ് മറ്റൊരു യുവതിയെ പ്രണയിച്ചാണു വിവാഹം ചെയ്തിരുന്നത്. പിന്നീടാണു സുകന്യയുമായി പ്രണയത്തിലായത്. കോട്ടയം ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ, വൈക്കം ഡിവൈഎസ്പി ആർ. കറുപ്പസ്വാമി, സിഐ വി.എസ്. നവാസ്, എസ്ഐമാരായ ജി. രജൻകുമാർ, എം. സാഹിൽ, കെ. ആർ. മോഹൻദാസ്, ഫോറൻസിക് വിദഗ്ധരായ ജോൺസി ജോസഫ്, ശ്രീജ എസ്. നായർ, പ്രിയാമേരി ചാക്കോ എന്നിവർ സ്‌ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.