അതിരപ്പിള്ളിയിൽ ജനതാത്പര്യം അനുസരിച്ചു തീരുമാനം: മന്ത്രി ജയരാജൻ
അതിരപ്പിള്ളിയിൽ ജനതാത്പര്യം അനുസരിച്ചു  തീരുമാനം: മന്ത്രി ജയരാജൻ
Monday, May 30, 2016 2:37 PM IST
കൊച്ചി: സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങളെ ലാഭത്തിലാക്കാനാകും വ്യവസായ വകുപ്പിന്റെ മുൻഗണനയെന്നു മന്ത്രി ഇ.പി. ജയരാജൻ. മുല്ലപ്പെരിയാർ വിഷയത്തിൽ നയവ്യതിയാനം ഉണ്ടായിട്ടില്ലെന്നും ജയരാജൻ എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. അതിരപ്പിള്ളി സംബന്ധിച്ചു കോടതിവിധികളും വിദഗ്ധരുടെ പഠന റിപ്പോർട്ടുകളും പഠിച്ചു ജനതാത്പര്യം കണക്കിലെടുത്താകും തീരുമാനമെടുക്കുക. വിഷയത്തിൽ സിപിഐയുമായി ഭിന്നതയില്ല. ഇടുതുമുന്നണി വിഷയം ചർച്ചയ്ക്കെടുക്കും.

കെൽട്രോൺ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളെ ആധുനികവത്കരിക്കും. സ്വകാര്യ സംരംഭങ്ങൾക്കു പ്രവർത്തിക്കാൻ തൊഴിൽരംഗത്തു സമാധാന അന്തരീക്ഷമുണ്ടാക്കും. സംസ്‌ഥാനത്തേക്കു നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. ജിം പോലുള്ള പദ്ധതികൾ സംസ്‌ഥാനത്തിന്റെ താത്പര്യം പരിഗണിച്ചുള്ളതായിരുന്നില്ല.

പൊതുസ്വത്ത് ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല. ജനങ്ങൾ അനുഭവിക്കേണ്ടത് അവർക്കുതന്നെ ലഭ്യമാക്കും. യുഡിഎഫ് സർക്കാർ ജനതാത്പര്യം മുൻനിർത്തിയായിരുന്നില്ല തീരുമാനങ്ങൾ എടുത്തിരുന്നത്.


ഒരു തീരുമാനത്തിലും ആത്മാർഥതയുമില്ലായിരുന്നു. യുഡിഎഫിന്റെ മദ്യനയവും ആത്മാർഥതയോടെയായിരുന്നില്ല. അവരുടെ ബോധവത്കരണം മദ്യവിൽപന കൂട്ടുന്നതിനു വേണ്ടിയായിരുന്നു.

ചിലർക്കു പ്രമാണി ചമയാൻ കായിക മേഖലയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതോടൊപ്പം കായികവിനോദത്തെ പ്രോത്സാഹിപ്പിച്ചു ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിൽ എറണാകുളത്തിനു പ്രാതിനിധ്യമില്ലല്ലോയെന്ന ചോദ്യത്തിന്, കേരളത്തിലെ എല്ലാ ജില്ലകളെയും എല്ലാ ജനങ്ങളെയും ഒരുപോലെ തന്നെ കണ്ടായിരിക്കും സർക്കാർ തീരുമാനങ്ങളെടുക്കയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.