പിണറായി മന്ത്രിസഭ ഇന്ന്
പിണറായി മന്ത്രിസഭ ഇന്ന്
Tuesday, May 24, 2016 12:35 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ ഇന്നു സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണു ചടങ്ങ്. ഗവർണർ പി. സദാശിവം നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയനും നിയുക്‌ത മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

സിപിഎമ്മിൽനിന്നു പിണറായി വിജയൻ ഉൾപ്പെടെ പന്ത്രണ്ടു പേരും സിപിഐയിൽനിന്നു നാലു പേരും കോൺഗ്രസ്–എസ്, എൻസിപി, ജനതാദൾ–എസ് പാർട്ടികളിൽനിന്ന് ഓരോരുത്തരുമാണ് ഇന്നു സത്യപ്രതിജ്‌ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഇന്നു രാവിലെ 9.30നു പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർക്കു കൈമാറും.

നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയനെ ചീഫ് സെക്രട്ടറി സത്യപ്രതിജ്‌ഞയ്ക്കു ക്ഷണിക്കും. ഗവർണർ അദ്ദേഹത്തിനു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്നു മറ്റു മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. വൈകുന്നേരം മൂന്നരയോടെ സത്യപ്രതിജ്‌ഞ ചെയ്യേണ്ടവർ പ്രധാന വേദിയിൽ എത്തിച്ചേരും. 3.50–നു ഗവർണർ എത്തും. ഇതോടെയാകും ചടങ്ങുകൾ ആരംഭിക്കുക.

സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചു രാവിലെ പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് ചേർന്നു തീരുമാനമെടുക്കും. ഘടകകക്ഷികളുടെ വകുപ്പുകൾ തീരുമാനിക്കുന്നതിനായി ഇടതുമുന്നണി യോഗവും രാവിലെ ചേരും. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുന്നതിനായി ഉച്ചകഴിഞ്ഞു രണ്ടുമണിക്കു പാർട്ടി സംസ്‌ഥാന എക്സിക്യൂട്ടീവ് ചേരും. സത്യപ്രതിജ്‌ഞയ്ക്കുശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടുള്ള ആദ്യത്തെ മന്ത്രിസഭാ യോഗം ചേരും. നിയമസഭാ സമ്മേളനത്തിനുള്ള തീയതിയും മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.


30,000 പേർക്കു സത്യപ്രതിജ്‌ഞ കാണാനുള്ള വിപുലമായ ഒരുക്കങ്ങളാണു സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ, യാതൊരുവിധത്തിലുള്ള ആർഭാടങ്ങളും പാടില്ലെന്നുള്ള കർശന നിർദേശവും ഉദ്യോഗസ്‌ഥർക്കു ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ട്. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാൻ കഴിയാത്തവർക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എൽഇഡി സ്‌ഥാപിച്ചിട്ടുണ്ട്. വിഐപികളുടെ വാഹനങ്ങൾ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കൂ.

മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി നേതാവും എംഎൽഎയുമായ ഒ. രാജഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്‌ഞാ ചടങ്ങിനെത്തും. ദേശീയ നേതാക്കൾ ആരൊക്കെ എത്തുമെന്നതിനെ സംബന്ധിച്ച അറിയിപ്പൊന്നും സർക്കാർ വൃത്തങ്ങൾക്കു ലഭിച്ചിട്ടില്ല. 2006–ലെ വി.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞയും സെൻട്രൽ സ്റ്റേഡിയത്തിലാണു നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.