മലയാളത്തിന്റെ മണിമുഴക്കം
മലയാളത്തിന്റെ മണിമുഴക്കം
Monday, March 7, 2016 12:53 AM IST
തൃശൂര്‍: ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടിയിരുന്ന ബാല്യം തനിക്കുണ്ടായിരുന്നുവെന്നു മണി തന്നെ എത്രയോ വട്ടം പറഞ്ഞു. സാമ്പത്തികമായി നല്ല നിലയിലെത്തിയിട്ടും തന്റെ കഷ്ടപ്പാടുകളുടെ കാലം മണി മറന്നിരുന്നില്ല. അവ ഓര്‍ക്കാനും ആ ദാരിദ്യ്രത്തില്‍നിന്നു സമ്പന്നതയിലേക്കു പറന്നിറങ്ങിയ കഥകള്‍ അയവിറക്കാനും മണി തന്റെ എല്ലാ അഭിമുഖങ്ങളിലും ശ്രദ്ധിച്ചിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല താനെന്നു മണി എപ്പോഴും പറയാറുണ്ട്. ദാരിദ്യ്രം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍നിന്നാണു മണി മലയാളിയെ ചിരിപ്പിക്കാനെത്തിയത്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്ത് അച്ഛന്‍ രാമന്‍ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബ ത്തെപോറ്റുവാന്‍ മതിയാകില്ലായിരുന്നുവത്രെ. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ മിമിക്രിയിലും മോണോ ആക്ടിലും മണിയെ വെല്ലാനാരുമുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ മോണോ അക്ടില്‍ മണി യുവജനോത്സവങ്ങളില്‍ മത്സരിച്ചു.

1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാമനാകുവാന്‍ കഴിഞ്ഞതു മണിയുടെ ജീവിതത്തിനു വഴിത്തിരിവായി. ഈ വിദ്യ കൊള്ളാമെന്നു തോന്നിയപ്പോള്‍ കുടുംബത്തിലെ പട്ടിണിയകറ്റാന്‍ മണി ആ വഴിതന്നെ തെരഞ്ഞെടുത്തു. മിമിക്രി അവതരിപ്പിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോയത് അങ്ങനെയാണ്.

സ്കൂള്‍ പഠനം തീരാറായപ്പോള്‍ ഓട്ടോ ഓടി ക്കുവാന്‍ പഠിച്ച മണി പകല്‍ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റുമായി. ഇരിങ്ങാലക്കുടയില്‍വച്ചു പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്ക്കു വിനോദശാല എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ കലാഭവനുമായുളള ബന്ധമറ്റു. കലാഭവനിലെ ജോലി നഷ്ടപ്പെട്ടതോടെ അഭിനയരംഗത്തു ശ്രദ്ധിക്കാനുള്ള തീരുമാനമെടുത്തു മണി സിനിമാക്കാരെ കണ്ടുതുടങ്ങി.

സമുദായം എന്ന ചിത്രത്തിലൂടെയാണു സിനിമയില്‍ അരങ്ങേറിയത്. ചെറിയവേഷങ്ങള്‍ ചെയ്തു മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. താന്‍ ഒരിക്കല്‍ ചെയ്തുകൊണ്ടിരുന്ന ജോലിയായതുകൊണ്ടാകാം ആ ഡ്രൈവര്‍ വേഷം മണി ഉഗ്രനാക്കി. സുരേഷ്ഗോപിയുമായി കൊമ്പുകോര്‍ക്കുന്ന കിടിലന്‍ രംഗത്തില്‍ മണി എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ എന്ന സംവിധായകനാണു കലാഭവന്‍ മണി യെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചതോടെ മണിയുടെ ജീവിത ത്തിലും മാറ്റങ്ങളുണ്ടായി. രാമുവിനെ അവതരിപ്പിച്ചതിനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. വിനയന്റെ കരുമാടിക്കുട്ടനും രാക്ഷസരാജാവും മണിയുടെ അഭിനയമികവിന്റെ ഗ്രാഫുയര്‍ത്തി. ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൌണ്േടഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്സ്ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി.

മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൌഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999 ഫെബ്രുവരി നാലിനാണു നിമ്മി മണിയുടെ ജീവിതസഖിയാകുന്നത്.


തെലുങ്ക്, തമിഴ് സിനിമകള്‍ക്കും തീരാനഷ്ടം


റെനീഷ് മാത്യു

നാടന്‍ പാട്ടുകളുടെ ഈണത്തില്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ചുവടുറപ്പിച്ച കലാഭവന്‍ മണി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു. വില്ലനായും സഹനടനായും 35 ഓളം തമിഴ്-തെലുങ്ക് സിനിമകളിലാണു മണിയുടെ വേഷപ്പകര്‍ച്ച പ്രേക്ഷകര്‍ കണ്ടത്. ഹാസ്യതാരമായിട്ടാണു മലയാളത്തില്‍ മണി ചുവടുറപ്പിച്ചതെങ്കില്‍ മണിയെ വില്ലന്‍ കഥാപാത്രമാക്കി വെള്ളിത്തിരയിലെത്തിച്ചത് അന്യഭാഷാ ചിത്രങ്ങളാണ്. കമലഹാസന്റെയും രജനീകാന്തിന്റെയും വിക്രമിന്റെയും ചിത്രങ്ങളില്‍ മണിയുടെ സാന്നിധ്യം സജീവമായിരുന്നു.

1998ല്‍ ഭാരതി സംവിധാനം ചെയ്ത മറുമലര്‍ച്ചി എന്ന ചിത്രത്തിലൂടെയായിരുന്നു കലാഭവന്‍ മണിയുടെ തമിഴിലേക്കുള്ള പ്രവേശനം. മമ്മൂട്ടിയും ദേവയാനിയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഇതിലെ വേലു എന്ന കഥാപാത്രം അവതരിപ്പിച്ച മണി തമിഴ് പ്രേക്ഷകരുടെ മനം പെട്ടെന്നു കീഴടക്കുകയായിരുന്നു. 2002ല്‍ ശരണ്‍ സംവിധാനം ചെയ്ത ജെമിനിയില്‍ തേജ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായി. വിക്രം ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇതിന്റെ തെലുങ്കു പതിപ്പില്‍ വെങ്കിടേഷിന്റെ ഒപ്പം ലാഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു തെലുങ്കു ചലച്ചിത്ര ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

രജനീകാന്തിന്റെ യന്തിരനിലെ പച്ചൈ മുത്തു, വേലിലെ ശങ്കരപാണ്ഡി, മോദി വിളയാടുവിലെ രാജന്‍ വാസുദേവ്, സംതിംഗ് സംതിംഗ് ഉനക്കും എനക്കും എന്ന ചിത്രത്തിലെ മാര്‍ക്ക് മായാണ്ടി, ആറുവിലെ പോലീസ് ഓഫീസര്‍, അന്യനിലെ വീട്ടുടമസ്ഥന്‍, പുതിയ ഗീഥൈയിലെ റെഡ്യാര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ തമിഴ് ചലച്ചിത്ര ലോകത്ത് വേറിട്ടു നിന്നതാണ്.

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ തമിഴ് റീമേക്കറായ പാപനാശത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മണിയാണ്. മലയാളത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെയാണ് പെരുമാള്‍ എന്ന കഥാപാത്രമായി മണി അവതരിപ്പിച്ചത്. ജിത്തു ജോസഫ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കലാഭവന്‍ മണിയെ വില്ലന്‍ കഥാപാത്രമാക്കി സിനിമയിലേക്കു നിശ്ചയിച്ചതും നായകന്‍ കമലഹാസനായിരുന്നു. മലയാളത്തിലെ വെള്ളിത്തിരയില്‍ പ്രേക്ഷകരെ ചിരിപ്പിച്ചെത്തിയ കലാഭവന്‍ മണിയുടെ ആകാരഭംഗിയായിരുന്നു തമിഴകത്തിലെയും തെലുങ്കിലെയും കഥാപാത്രങ്ങള്‍ തേടിയെത്തിയത്.

രാഷ്ട്രീയരംഗത്തെ അവസരങ്ങള്‍ വേണ്െടന്നുവച്ചു

ചാലക്കുടി: രാഷ്ട്രീയ രംഗത്തേക്ക് അവസരം ലഭിച്ചിട്ടും മണി നിരസിച്ചു. 10 വര്‍ഷംമുമ്പു ചാലക്കുടി അസംബ്ളി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മണിയുടെ പേരു പരിഗണിച്ചതായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മണിയെ നേരില്‍ വിളിച്ചു സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍, സിനിമയില്‍ തിരക്കുള്ള മണി പിണറായി വിജയന്റെ ക്ഷണം നിരസിക്കുകയായിരുന്നു.

മേയ് 16നു നടക്കുന്ന തെരഞ്ഞെടുപ്പിലും മണിയുടെ പേരു കുന്നത്തുനാട്ടില്‍ പരിഗണിച്ചിരുന്നു. മണിയുടെ പിതാവിന്റെ പേരിലുള്ള കലാഗൃഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു പിണറായി വിജയനായിരുന്നു. നഗരസഭ തെരഞ്ഞെടുപ്പില്‍ ചേനത്തുനാട് വാര്‍ഡില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചതു മണിയുടെ സ്ഥാനാര്‍ഥികളായിരുന്നു.ഇക്കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ മണി രംഗത്തുണ്ടായിരുന്നില്ല.

ചാലക്കുടിക്കാരുടെ സ്വന്തം മണി

സി.കെ. പോള്‍

ചാലക്കുടി: നിര്‍ധന കുടുംബത്തില്‍ ജനിച്ച മണിയുടെ ചെറുപ്പകാലം പട്ടിണിയുടെയും ദുരിതങ്ങളുടേതുമായിരുന്നു. ചേനത്തുനാട് കുന്നിശേരി രാമന്റെയും അമ്മിണിയുടെയും മകനായി 1971 ജനുവരി ഒന്നിനാണു മണി ജനിച്ചത്. അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണു കുടുംബം പോറ്റിയിരുന്നത്.

സര്‍ക്കാര്‍ ബോയ്സ് സ്കൂളില്‍ പഠിച്ച മണി ചെറുപ്പത്തിലെതന്നെ കൂലിപ്പണിക്കും മറ്റും പോയിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണി അയല്‍വീടുകളിലും മറ്റും എന്തു ജോലിയും ചെയ്തിരുന്നു. മിമിക്രിയില്‍നിന്നു സിനിമയിലെ താരമായി വളര്‍ന്നപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന നാടും നാട്ടുകാരെയും മണി മറന്നില്ല. സിനിമാ ഷൂട്ടിംഗിന്റെ തിരക്കില്‍നിന്നു കിട്ടുന്ന ഒഴിവുസമയങ്ങളില്‍ മണി സ്വന്തം തട്ടകമായ ചേനത്തുനാട്ടില്‍ എത്തിയിരുന്നു.

ഒഴിവുസമയങ്ങള്‍ മുഴുവനും കൂട്ടുകാരോടൊപ്പം ചെലവഴിക്കാനാണു മണി ഉപയോഗിച്ചിരുന്നത്. സിനിമയിലൂടെ ധനം സമ്പാദിച്ചപ്പോഴും മണിയുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. ഓണമായാല്‍ ഓണാഘോഷവും ക്രിസ്മസ് പുല്‍ക്കൂടും ഒരുക്കി മണി നാട്ടുകാരോടൊപ്പം ആഘോഷിച്ചിരുന്നു. ക്രിസ്മസിനു മണി ചേനത്തുനാട് പള്ളിയങ്കണത്തില്‍ ഒരുക്കിയ മെഗാ പുല്‍ക്കൂട് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ ക്രിസ്മസിനു ചാലക്കുടി പുഴയില്‍ ഒരുക്കിയ 1,000 നക്ഷത്രങ്ങള്‍ കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ എത്തിയിരുന്നു. ഓണക്കാലത്തു മണി ചാലക്കുടി പുഴയില്‍ സംഘടിപ്പിച്ച വെള്ളം കളിയും ഏറെ പ്രസിദ്ധിനേടിയിരുന്നു.

ചാലക്കുടി ചേനത്തുനാട് കുരിശുപള്ളിയിലെ മാതാവിന്റെ വണക്കമാസ തിരുനാള്‍ മണി ഏറ്റെടുത്തു നടത്തിയിരുന്നു. ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സൂപ്പര്‍ സ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ സിനിമാതാരങ്ങളുടെ വന്‍ നിരതന്നെ എത്തിയിരുന്നു. കണ്ണമ്പുഴ ക്ഷേത്രത്തില്‍ താലപ്പൊലിക്ക് എല്ലാ വര്‍ഷവും മണിയുടെ നേതൃത്വത്തില്‍ ചേനത്തുനാട്ടില്‍നിന്നു നടത്തുന്ന താലിയെഴുന്നള്ളിപ്പു ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൂടാതെ മണിയുടെ സാമ്പിള്‍ വെടിക്കെട്ടും നടത്തിയിരുന്നു. ചേനത്തുനാട്ടില്‍നിന്നു ചാലക്കുടി പള്ളിയിലേക്കു നടത്തുന്ന അമ്പെഴുന്നള്ളിപ്പും മനോഹരമാക്കാന്‍ മണി നേതൃത്വം നല്‍കിയിരുന്നു.

മിമിക്രിക്കാരനില്‍ നിന്നു സിനിമാതാരത്തിലേക്ക്

ചാലക്കുടി: മിമിക്സ് കലാകാരനായി കലാരംഗത്തേക്കു കാലെടുത്തുവച്ച കലാഭവന്‍ മണി സിനിമാതാരമായി ഉയരുകയായിരുന്നു. ചാലക്കുടി പള്ളിയില്‍ മിമിക്സ് പരിപാടികള്‍ അവതരിപ്പിച്ചാണു മണി തുടങ്ങിയത്. രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും അനുകരിച്ചുള്ള മിമിക്സ് പരിപാടികളാണു ആദ്യകാലങ്ങളില്‍ അവതരിപ്പിച്ചിരുന്നത്. പരിപാടികള്‍ ആള്‍കൂട്ടമായി മാറിയതോടെ മണിയെ മിമിക്സ് ട്രൂപ്പുകളില്‍ അംഗമാക്കി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മിമിക്സ് അവതരിപ്പിച്ച മണിയുടെ നാടന്‍പാട്ടുകള്‍ ജനങ്ങള്‍ക്കു ഹരമായി മാറി. സല്ലാപം എന്ന സിനിമയിലൂടെയാണു മണി സിനിമരംഗത്തേക്കു കടന്നുവന്നത്.

ചാലക്കുടിക്കാരനായ സിനിമ സംവിധായകന്‍ സുന്ദര്‍ദാസാണു മണിയെ ഈ സിനിമയില്‍ ആദ്യം അവസരം നല്‍കിയത്. സിനിമയില്‍ തെങ്ങുകയറ്റക്കാരനെ അവതരിപ്പിക്കാനുള്ള താരത്തെ നേടിയപ്പോഴാണു മണിയെ കണ്െടത്തിയത്. തെങ്ങുകയറ്റക്കാരനെ മണി യഥാര്‍ഥമായി അവതരിപ്പിച്ചു. ഇതോടെ മണിക്കു സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചു. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ മണി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഹാസ്യതാരമായിവന്ന മണി പിന്നീട് ആക്ഷന്‍ ഹീറോയായി മാറി. തമിഴിലും മണിക്കു നിരവധി അവസരങ്ങള്‍ ലഭിച്ചു. തമിഴില്‍ വില്ലന്‍ റോളുകളിലാണു മണി കസറിയത്. 'മലയാളി മാമനു വണക്കം' എന്ന സിനിയിലെ മണിയുടെ പ്രകടനമാണു തമിഴില്‍ മണിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. തെലുങ്കിലും മണി നിരവധി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മും പിന്നെ ഞാനും എന്ന സിനിമയില്‍ കണ്ണുപൊട്ടനെ അവതരിപ്പിച്ച മണി ദേശീയ അവാര്‍ഡിനു പരിഗണിക്കുകയും സ്പെഷല്‍ ജൂറി പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. മണിയുടെ നാടന്‍ പാട്ടുകളുടെ നിരവധി സിഡികള്‍ ഇറങ്ങിയിട്ടുണ്ട്.


നാടന്‍പാട്ടുകളുടെ കളിത്തോഴന്‍

ജോണ്‍സണ്‍ നൊറോണ

ആലപ്പുഴ: '' ജോലി കഴിഞ്ഞു വിയര്‍ത്തു കുളിച്ചു വീട്ടില്‍ വരുന്ന അച്ഛന്‍ കുളിക്കുംമുമ്പ് വിയര്‍പ്പ് ആറാനായി ഇരിക്കുമ്പോള്‍ പാട്ടുപാടും. വിയര്‍പ്പിന്റെ മണമുള്ള നാടന്‍പാട്ടുകള്‍. പിന്നീട് ആ പാട്ടുകള്‍ ഞാന്‍ ഏറ്റെടുത്തു'' നാടന്‍പാട്ടുകളുടെ പിറവിയെക്കുറിച്ചു ചോദിക്കുമ്പോള്‍ കലാഭവന്‍ മണിയുടെ മറുപടി ഇതായിരുന്നു. പിന്നീട് മണിയുടെ പാട്ട് നാട് ഏറ്റെടുത്തു. ആ പാട്ടുകളില്‍ ചിരിക്കൊപ്പം ചിന്തയും നിറച്ചിരുന്നു.

'' ആ പരലീ പരല് പരലീ പൂവാലി പരല്, ഇന്നലീ നേരത്തി പരല് വെള്ളത്തിലോടണല്ലാ'', ''അമ്മായീടെ മോളെ ഞാന്‍ നിക്കാഹ് ചെയ്തിട്ടാകെ കുഴപ്പത്തിലായ്, അവള്‍ കാലത്തേണീക്കൂല, മുറ്റമടീക്കൂല പല്ലുംകൂടെ തേയ്ക്കൂലാന്നേ, ''കണ്ണിമാങ്ങാ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ മാമ്പഴമാകട്ടേന്ന് എന്റെ പുന്നാരെ, മാമ്പഴമാകട്ടേന്ന്', ''കുഞ്ഞുന്നാളില്‍ ചെറുപ്പത്തിലല്ലേടീ എന്റെ കുഞ്ഞേലി നിന്നെ ഞാന്‍ കണ്ടതല്ലേടീ', ''മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം', ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട ഓമനപൂമുഖം വാടീടേണ്ട', ''പകലുമുഴുവന്‍ പണിയെടുത്തു കിട്ടണ കാശിനു കള്ളുകുടിച്ചു എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ.....ഇങ്ങനെ നിരവധി നാടന്‍പാട്ടുകളാണ് മണി എഴുതി ആലപിച്ചത്.

നടന്‍ എന്നതിലുപരി നാടന്‍പാട്ടുകളുടെ ആലാപനമാണു മണിയെ ലോകമെങ്ങുമുള്ള മലയാളികളുടെയിടയില്‍ ശ്രദ്ധേയനാക്കിയത്. ദാരിദ്യത്തിന്റെ ചുളംവിളികള്‍ക്ക് നടുവിലാണു ചാലക്കുടിക്കാരന്‍ രാമന്റെയും അമ്മിണിയുടെയും ആറാമത്തെ പുത്രനായി മണി ജനിക്കുന്നത്. അയല്‍പക്കത്തെ അന്തോണിചേട്ടന്റെ വീട്ടിലെ റേഡിയോയില്‍നിന്നു കേട്ട സ്വര്‍ഗസ്ഥനായ പിതാവേ എന്ന ഗാനമാണ് തന്റെ കലയുടെ തുടക്കമെന്നും മണി ഒരിക്കല്‍ പറഞ്ഞു. പിന്നീട് എറണാകുളം കലാഭവനില്‍ എത്തി കലാഭവന്‍ മണിയായി. സിനിമ ജീവിതമെങ്കില്‍ മിമിക്രി ജീവവായുവായിരുന്നു മണിക്ക്. മിമിക്രി അവതരിപ്പിക്കുന്ന വേദികളില്‍ കാണികള്‍ മണിയുടെ ങ്യാഹ്ഹഹ.........എന്ന ചിരി ആവശ്യപ്പെടുന്നതു സ്ഥിരം കാഴ്ചയായിരുന്നു.

2009ല്‍ നെഹ്റുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ ക്യാപ്റ്റനായും മണി എത്തിയിരുന്നു. തമിഴ്നടന്‍ വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്ന സിനിമയില്‍ ഒരു ജൂണിയര്‍ ആര്‍ടിസ്റിന്റെ വേഷത്തിലാണു ചലച്ചിത്രാഭിനയം തുടങ്ങുന്നത്. സുന്ദര്‍ദാസിന്റെ സല്ലാപം എന്ന സിനിമയിലെ ചെത്തുകാരന്റെ വേഷമാണ് മണിയുടെ സിനിമാ കരിയറിലെ ഗ്രാഫ് ഉയര്‍ത്തിയത്.

പാവങ്ങളുടെയും രോഗികളുടെയും അത്താണി

ചാലക്കുടി: പാവപ്പെട്ടവരുടെ ഉറ്റതോഴനായിരുന്ന മണി പട്ടിണിപ്പാവങ്ങളെയും ദുരിതമനുഭവിക്കുന്നവരെയും ഏറെ സഹായിച്ചിരുന്നു. പട്ടിണികിടക്കുന്നവരെ കാണുമ്പോള്‍ തന്റെ ബാല്യകാലത്തെക്കുറിച്ച് ഓര്‍ക്കുന്ന മണി അവര്‍ക്കെന്നും സഹായ ഹസ്തം നീട്ടിയിരുന്നു. ഓണത്തിനും വിഷുവിനും ക്രിസ്മസിനും സഹായം തേടി നൂറുകണക്കിനാളുകളാണു മണിയുടെ മണികൂടാരത്തിനു മുമ്പിലെത്തിയിരുന്നത്. ഓണത്തിന് അവിടെ എത്തുന്ന എല്ലാവര്‍ക്കും അരി വിതരണം ചെയ്യും. വിഷുവിന് എല്ലാവര്‍ക്കും മണിയുടെ കൈനീട്ടം. ക്രിസ്തുമസിന് അരിവിതരണം ചെയ്യുന്നതു കൂടാതെ കനാല്‍ ചേരികളിലെത്തി ക്രിസ്മസ് കേക്കും സമ്മാനിക്കുമായിരുന്നു. ഓപ്പറേഷന്‍ വേണ്ടിവരുന്ന നിരവധി രോഗികള്‍ക്കു മണിയുടെ സഹായം ലഭിച്ചിട്ടുണ്ട്. ചാലക്കുടി പോലീസ് സ്റേഷന്റെ ഒന്നാംനില പണിതുകൊടുത്തതു മണിയാണ്. കൂടാതെ വീടില്ലാത്ത നിരവധി പേര്‍ക്കു വീടും നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. എപ്പോഴും മണിയുടെ വരവു കാത്തു നിരവധി പേര്‍ മണികൂടാരത്തിനു മുമ്പിലുണ്ടാകും. അച്ഛനും അമ്മയും മണിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ചേനത്തുനാട്ടില്‍ മണിയുടെ അച്ഛന്‍ കുന്നിശേരി രാമന്റെ സ്മാരകമായി നിര്‍മിച്ച കലാഗൃഹത്തില്‍ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ വിദ്യാര്‍ഥികളെ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്.


പ്രതിഭയുള്ള കലാകാരന്‍: മമ്മൂട്ടി

കൊച്ചി: സവിശേഷമായ പ്രതിഭയുടെ കലാകാരനായിരുന്നു കലാഭവന്‍ മണിയെന്നു നടന്‍ മമ്മൂട്ടി. പലര്‍ക്കും ചെയ്യാനാവാതിരുന്ന പ്രത്യേകതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കലാഭവന്‍ മണിക്കു കഴിഞ്ഞിരുന്നു. നാടന്‍ പാട്ടുകളെ ജനകീയമാക്കുന്നതില്‍ മണി വഹിച്ച പങ്ക് നിസ്തുലമാണ്. വളരെ കുറഞ്ഞകാലംകൊണ്ടുതന്നെ തന്റെ പ്രതിഭ തെളിയിക്കാന്‍ മണിക്കു കഴിഞ്ഞിരുന്നതായും മമ്മൂട്ടി അനുസ്മരിച്ചു.


കലാഭവന്‍ മണി

1971 ജനുവരി 1 - 2016 മാര്‍ച്ച് 6

പ്രധാന മലയാളം ചിത്രങ്ങള്‍: ബെന്‍ജോണ്‍സന്‍, ശിക്കാര്‍, പുള്ളിമാന്‍, സല്ലാപം, അക്ഷരം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സമ്മര്‍ ഇന്‍ ബെത് ലഹേം, ആമേന്‍, ലോകനാഥന്‍ ഐഎഎസ്, നാട്ടുരാജാവ്, ആറാം തമ്പുരാന്‍, ബിഗ് ബി.

പ്രധാന തമിഴ് ചിത്രങ്ങള്‍: യെന്തിരന്‍, വേല്‍, ആര്, മഴൈ, അന്യന്‍, ബോസ്, പുതിയ ഗീതൈ, ജെമിനി, ബന്ദാ പരമശിവം, സിങ്കാര ചെന്നൈ, കുത്ത്

പുരസ്കാരങ്ങള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം: 2000 - പ്രത്യേക ജൂറി പരാമര്‍ശം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: 1999- പ്രത്യേക ജൂറി പരാമര്‍ശം: 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'
ഫിലിംഫെയര്‍ അവാര്‍ഡ്: 2002- മികച്ച വില്ലന്‍ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാര്‍ഡ്: 1999- മികച്ച നടന്‍ : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '

2007 - മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാര്‍ഡ്: 2008-മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ
2014- ഭരത് ഗോപി ഫൌണ്േടഷന്‍ പുരസ്കാരം

വേര്‍പാടിന്റെ പുസ്തകത്തിലെ അവസാനിക്കാത്ത നിര

കൊച്ചി: മലയാള സിനിമയില്‍നിന്ന് ഒരു മുത്തുകൂടി പൊഴിഞ്ഞു. രണ്ടു മാസവും ദിവസങ്ങളും മാത്രം പ്രായമായ '2016' മലയാള സാഹിത്യത്തിനും ചലച്ചിത്രമേഖലയ്ക്കും സമ്മാനിക്കുന്നതു നഷ്ടങ്ങളുടെ പരമ്പരയാണ്. നടി കല്‍പ്പന, ജ്ഞാനപീഠം ജേതാവ് ഒ.എന്‍.വി. കുറുപ്പ്, സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍, സംഗീതജ്ഞന്‍ രാജാമണി, സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, സംവിധായകരായ രാജേഷ് പിള്ള, മോഹന്‍ രൂപ്, ഫിലിം ആര്‍ക്കൈവ്സ് സ്ഥാപകന്‍ പി.കെ. നായര്‍ എന്നിങ്ങനെ ഈ വര്‍ഷം മലയാളത്തില്‍നിന്നു വിട ചൊല്ലിയവരുടെ പട്ടികയിലേക്കാണു കലാഭവന്‍ മണിയും ഇടംപിടിച്ചിരിക്കുന്നത്.

നടി കല്‍പ്പനയായിരുന്നു ഈ വര്‍ഷം മലയാളസിനിമയില്‍ പാതിവഴിയില്‍ നിലച്ചുപോയ ആദ്യതാരം. ഹൈദരാബാദിലായിരുന്നു കല്‍പ്പനയുടെ അന്ത്യം. അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിയിലെ 'ക്വീന്‍ മേരി'യെന്ന കഥാപാത്രത്തെ അസാമാന്യ മെയ്വഴക്കത്തോടെ മലയാളത്തിനു സമ്മാനിച്ചായിരുന്നു കല്‍പനയുടെ തിരിച്ചുപോക്ക്. മലയാള സംഗീതലോകത്തെ ഈണങ്ങള്‍ കൊണ്ടു വിസ്മയിപ്പിച്ച ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണും അകാലത്തില്‍ മലയാളത്തെ ഉപേക്ഷിച്ചു പോയി. 29കാരിയായ ഷാനിനെ ഫെബ്രുവരി അഞ്ചിന് ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്െടത്തുകയായിരുന്നു.

മലയാള ഭാഷയുടെ യശസ് ജ്ഞാനപീഠമേറ്റിയ ഒ.എന്‍.വിയെന്ന മൂന്നക്ഷരവും മലയാളത്തെ ഉപേക്ഷിച്ച് നടന്നുപോയി. കാവ്യസപര്യയില്‍ ഒരു ക്ഷയവും സംഭവിക്കാതെ മലയാളം നെഞ്ചേറ്റിയ ഒ.എന്‍.വി. 84-ാം വയസില്‍ വിടപറയുമ്പോള്‍ ബാക്കിയായത് ആ പ്രതിഭ ഉപേക്ഷിച്ചുപോയ സംഗീതവും സാഹിത്യവുമായിരുന്നു. എന്നിരുന്നാലും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു, മനുഷ്യനെക്കുറിച്ചും മനുഷ്യന്‍ നശിപ്പിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും ഒക്കെ ഇത്ര ഹൃദയസ് പര്‍ശിയായി പാടുന്ന ഒരു പാട്ടുകാരനെ ഇനി നമുക്ക് എന്നു കിട്ടും?

തൊട്ടടുത്ത ദിവസങ്ങളില്‍ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും പ്രശസ്ത കലാകാരന്‍ രാജാമണിയും കേരളക്കരയോടു വിടപറഞ്ഞു. ഫെബ്രുവരി 17ന് പ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ 62-ാം വയസില്‍ മലയാളത്തില്‍നിന്നു നടന്നകന്നു.

ഇതുകൊണ്ടും തീര്‍ന്നില്ല മരണത്തിന്റെ രംഗബോധമില്ലാത്ത കോമാളിത്തരങ്ങള്‍. തന്റെ നാലാം സിനിമ റിലീസ് ചെയ്യുന്നതു കാണാന്‍ കാത്തുനില്‍ക്കാതെ മലയാള സിനിമയില്‍ നവതരംഗത്തിനു തുടക്കമിട്ട സംവിധായകന്‍ രാജേഷ് പിള്ള വിടപറഞ്ഞു. പുതിയ ചിത്രം വേട്ട റിലീസ് ചെയ്യുന്ന ദിവസമായിരുന്നു രാജേഷിന്റെ മരണം. 2011ല്‍ ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ തലവര മാറ്റിയ രാജേഷ് പിള്ളയുടെ തുടര്‍ന്നുള്ള ചിത്രം മിലിയും തിയറ്ററില്‍ നിറഞ്ഞോടി. അവസാന ചിത്രം വേട്ട തിയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്നു. 2016ലെ വേട്ടയുടെ സംവിധായകനെ കരള്‍ രോഗത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തപ്പോള്‍ 1984ലെ വേട്ട എന്ന സിനിമ സംവിധാനം ചെയ്ത മോഹന്‍ രൂപ് രണ്ടു ദിവസത്തിനു ശേഷം രാജേഷിനൊപ്പം പോയി.

ഇവരെക്കൂടാതെ, സിനിമാ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ്, നടന്‍ സുധീഷിന്റെ പിതാവും പ്രമുഖ നാടക-സിനിമാ നടനുമായ സുധാകരന്‍, തിരക്കഥാകൃത്തും സംവിധായകനുമായ വി.ആര്‍. ഗോപാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍, നടന്‍ ജി.കെ. പിള്ള, തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ എന്നിവരും മലയാളത്തില്‍നിന്ന് അനശ്വരതയിലേക്കു ചേക്കേറിയവരുടെ പട്ടികയില്‍ ഇടംപിടിച്ചു.

പൂന നാഷനല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായ പി.കെ. നായര്‍ എന്ന തിരുവനന്തപുരത്തുകാരനായിരുന്നു വേര്‍പാടിന്റെ പുസ്തകത്തിലെ ഇതുവരെയുള്ള അവസാന പ്രധാനി. ഈ പട്ടികയിലേക്കാണ് 'മലയാളത്തിന്റെ മണിനാദം' കലാഭവന്‍ മണിയും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.