ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ ശ്രമം
Wednesday, November 25, 2015 12:37 AM IST
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്നത് ആലോചിച്ച് വരുന്നതായി ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.

നിയമം നടപ്പാക്കുമ്പോള്‍ കേരളത്തിന് രണ്ടു ലക്ഷം ടണ്ണോളം ഭക്ഷ്യധാന്യത്തിന്റെ കുറവുണ്ടാകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക വീണ്ടും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. നിയമം നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ കുറവുണ്ടാകരുതെന്നാണു കേരളത്തിന്റെ ആവശ്യം. ഭക്ഷ്യധാന്യ വിതരണത്തില്‍ കുറവുണ്ടായാല്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ട കാര്‍ഡുടമകള്‍ക്കു ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 11 കിലോയില്‍നിന്ന് ഏഴാക്കി കുറയ്ക്കേണ്ടി വരും. നിലവില്‍ 16.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണു നല്‍കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ ഇതിന്റെ അളവ് 14.25 ലക്ഷം ടണ്ണായി കുറയും.

അനാഥാലയങ്ങളും വൃദ്ധസദനങ്ങളും അടക്കമുള്ള ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിലും നിയമം ഒന്നും പറയുന്നില്ല. നിലവില്‍ 1,008 സ്ഥാപനങ്ങളാണുള്ളത്. പ്രതിമാസം 356 ടണ്‍ ഭക്ഷ്യധാന്യം ഇവര്‍ക്ക് ആവശ്യമാണ്. ഇതും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ കേരളത്തിന്റെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.


നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി റേഷന്‍ക്കടളുടെ കംപ്യൂട്ടര്‍വത്കരണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൈലറ്റ് പദ്ധതിയായി 22 റേഷന്‍ക്കടകളില്‍ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ഓരോ ജില്ലയിലും പരാതി പരിഹാര സെല്‍ തുടങ്ങേണ്ടതുണ്ട്.

ആറു ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി റവന്യു വകുപ്പിന്റെയും കെഎസ്ഇബിയുടെയും കൈവശമുള്ള ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. റേഷന്‍ക്കടകളില്‍ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്ന ഡോര്‍ ഡെലിവറി സംവിധാനം ആരംഭിക്കും. കോതമംഗലത്ത് ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതായും അനൂപ് ജേക്കബ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.