കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സത്യസായി ഓര്‍ഫനേജ് ട്രസ്റ് 108 വീടുകള്‍ നിര്‍മിച്ചു നല്‍കും. സായിപ്രസാദം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പിലാക്കുന്നത്. പുല്ലൂര്‍, പരപ്പ, എന്‍മകജെ എന്നീ മൂന്നു വില്ലേജുകളിലായാണു പദ്ധതിക്കായി സ്ഥലം കണ്െടത്തിയത്.

മിനി ടൌണ്‍ഷിപ്പ് മാതൃകയിലുള്ള ഈ പദ്ധതിക്കു 10 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. വീടിനോടു ചേര്‍ന്നു ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ക്ളിനിക്, മിനി തീയറ്റര്‍, സായി ബാലഭവന്‍ (ആംഗന്‍വാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവയും ട്രസ്റ് നിര്‍മിച്ചു നല്‍കും. സത്യസായി ഗ്രാമം എന്ന് ഇതിനു നാമകരണം ചെയ്യും.


ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ് ഫൌണ്ടര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

പദ്ധതിയുടെ ശിലാസ്ഥാപനം 21നു രാവിലെ എട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സത്യസായി ബാബയുടെ തൊണ്ണൂറാം ജന്മവാര്‍ഷികമായ നവംബര്‍ 23ന് ആദ്യത്തെ മൂന്നു വീടുകളുടെ താക്കോല്‍ ദാനം നടത്തും.